കണ്ണൂർ- വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പാറപ്രം സമ്മേളനത്തിന്റെ എഴുപത്തിയൊമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രമേശ് ചെന്നിത്തല ഉന്നയിച്ച 10 ചോദ്യങ്ങളിൽ ഓരോന്നും വായിച്ചായിരുന്നു മറുപടി. പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവും പരിഹാസവും നിറഞ്ഞതായിരുന്നു മറുപടി.
വനിതാ മതിൽ എന്തിനെന്ന് അറിയില്ലെങ്കിൽ പറഞ്ഞിട്ട് എന്തു കാര്യമെന്ന ചോദ്യത്തോടെയാണ് മറുപടിക്കു തുടക്കമിട്ടത്. വനിതാ മതിൽ രഹസ്യ പരിപാടിയല്ല. നവോത്ഥാന മൂല്യങ്ങൾ തകർക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ്.
വനിതകൾക്കെതിരെയുള്ള അതിക്രമങ്ങളെ വനിതകൾ തന്നെ പ്രതിഷേധിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണിത്. വനിതാ മതിൽ സ്ത്രീ വിഷയം മാത്രം ലക്ഷ്യമിട്ടല്ല. വനിതകളുടെ മുന്നേറ്റത്തിന് സുപ്രീം കോടതി വിധി നിമിത്തമായെന്നു മാത്രം. വനിതാ മതിലിൽ ക്രിസ്ത്യൻ, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളും അണിനിരക്കും -പിണറായി പറഞ്ഞു.
വനിതാ മതിലിൽ ആരെയും നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നില്ല. എന്നാൽ പൊതുസമൂഹം ഒട്ടാകെ സ്വമേധയാ ഇതിൽ അണിചേരുമെന്ന് ഉറപ്പുണ്ട്. വനിതാ മതിലിന്റെ സംഘാടക സമിതിയിൽ മത ന്യൂനപക്ഷ സംഘടനാ പ്രതിനിധികളെ ക്ഷണിക്കാതിരുന്നത് ആർ.എസ്.എസിന് ആയുധമാകാതിരിക്കാനാണ്. വനിതാ മതിലിന് പെൻഷൻകാരിൽ നിന്നു പിരിവ് വാങ്ങിയെന്നത് ശുദ്ധ നുണയാണ്. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചു. തെളിവുണ്ടെങ്കിൽ നടപടിയുണ്ടാകും. ക്ഷേമ പെൻഷനുകളിൽ കൈയിട്ടുവാരുന്ന പാരമ്പര്യം കമ്യൂണിസ്റ്റ് പാർട്ടിക്കില്ല.
യജമാനന്മാരുടെ പിറകെ പോയി നാണംകെട്ടവർ ചോദ്യങ്ങളുമായി വരരുത്. യജമാനന്മാരെന്ന് തോന്നിക്കുന്നവരുടെ വാക്കു കേട്ട് നിലപാട് മാറ്റിയവരാണിവർ. വ്യക്തിപരമായ അഭിപ്രായം പോലും മാറ്റി. കോൺഗ്രസ് നേതാക്കൾ പാർട്ടി നയങ്ങളിൽനിന്നും പിന്നോട്ടു പോയി. ബി.ജെ.പിയെയും ആർ.എസ്.എസിനെയും കോൺഗ്രസ് സഹായിക്കുകയാണ്. ചരിത്രം തന്നെ എങ്ങനെ രേഖപ്പെടുത്തുമെന്നതിൽ ആശങ്കയില്ലെന്നും പിണറായി പറഞ്ഞു. നേതാക്കളായ പി. ജയരാജൻ, കെ.കെ. രാഗേഷ് തുടങ്ങിയവർ സംബന്ധിച്ചു.