ദുബായ്- മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി എം.പി മുസ്്‌ലിം ലീഗ് നേതൃത്വത്തിന് വിശദീകരണം നൽകി. ദുബായ് സന്ദർശനത്തിന് പോയ കുഞ്ഞാലിക്കുട്ടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ടെലിഫോണിൽ സംസാരിച്ചു.
മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്നതിൽ ഖേദമുണ്ടെന്നും പാർട്ടി മുഖപത്രവുമായി ബന്ധപ്പെട്ട സുപ്രധാന മീറ്റിംഗുകളുണ്ടായിരുന്നതിനാലാണ് ദൽഹിയിലേക്ക് പോകാൻ കഴിയാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സാങ്കേതികമായ പല ബുദ്ധിമുട്ടുകളും മൂലമാണ് ദൽഹിയിൽ എത്താൻ കഴിയാതിരുന്നത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കേരളത്തിൽ തങ്ങിയതെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് പ്രശ്്‌നത്തിൽ പാർട്ടി നിലപാട് നേരത്തെ പാർലമെന്റിൽ അറിയിച്ചിട്ടുണ്ടെന്നും ബില്ലുമായി ബന്ധപ്പെട്ട തുടർന്നുള്ള വേദികളിൽ കോൺഗ്രസുമായി സഹകരിച്ച് ശക്തമായ നിലപാടുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൽഹിയിലെയും കേരളത്തിലെയും രാഷ്ട്രീയത്തിൽ ഇടപെടുന്നത് മൂലം സമയക്കുറവുണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം കൂടിയിരുന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.