തിരുവനന്തപുരം- വര്‍ക്കലയിലെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ഐ.എസ്, അല്‍ഖാഇദ ബന്ധമുണ്ടെന്ന ജനം ടിവി വാര്‍ത്ത വിവാദമായി. ക്യാമ്പസിലെ ഭീകര സാന്നിധ്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതായും കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായും ജനം ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കോളജില്‍ കഴിഞ്ഞ മാര്‍ച്ച് 14ന് നടന്ന വാര്‍ഷികദിനാഘോഷമാണ് ഐ.എസ്, അല്‍ഖാഇദ അനുകൂല പ്രകടനമാക്കി ചിത്രീകരിച്ച് ജനം ടിവി വാര്‍ത്ത നല്‍കിയതെന്ന് കോളേജ് അധികൃതരും വിദ്യാര്‍ഥികളും വിശദീകരിക്കുന്നു. ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിഡിയോ ക്ലിപ്പാണ് തെറ്റിദ്ധാരണ പരത്താന്‍ ടിവി ഉപയോഗിച്ചതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മാര്‍ച്ച് 14ന് നടന്ന ആന്വല്‍ ഡേ ആഘോഷത്തിന് നടന്‍ സലീം കുമാറായിരുന്നു മുഖ്യാതിഥി. സി.ഐ.ഡി മൂസയില്‍ സലീം കുമാര്‍ അവതരിപ്പിച്ച വേഷത്തിന് സമാനമായി കറുപ്പ് വേഷം ധരിച്ച് എത്താന്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സലീം കുമാര്‍ കറുപ്പ് വേഷം ധരിച്ച് എത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വിദ്യാര്‍ഥി സംഘവും കറുപ്പ് വേഷം ധരിച്ച് എത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളേജില്‍ ആഹ്ലാദ പ്രകടനം നടത്തി. ഈ ദൃശ്യം മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിദ്യാര്‍ഥികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇവയാണ് വ്യാജ വാര്‍ത്തക്ക് ജനം ടി.വി ഉപയോഗിച്ചത്.
കേരളത്തില്‍ ഐ.എസ്, അല്‍ഖാഇദ സംഘടനകള്‍ വേരുറപ്പിക്കുന്നു. തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ഥികളുടെ പ്രകടനം എന്ന തലക്കെട്ടിലായിരുന്നു ജനം ടിവിയുടെ ആദ്യത്തെ വാര്‍ത്ത. ജനം ടിവിയുടെ ഫെയ്‌സ്ബുക്കിലും വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ട വാര്‍ത്ത നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്.
ഭീകര സാന്നിധ്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയെന്നാണ് ശനിയാഴ്ച നല്‍കിയ പുതിയ വാര്‍ത്ത. ജനം ടിവി വാര്‍ത്തയെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതെന്നും വാര്‍ത്തയില്‍ അവകാശപ്പെടുന്നു. ക്യാമ്പസിലെ ഭീകര സാന്നിധ്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമിനായിരിക്കും അന്വേഷണ ചുമതലയെന്ന് ഡിജിപി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോളേജിലെ ശുചി മുറികളില്‍ പോലും നിരോധിത സംഘടനകള്‍ക്ക് അനുകൂലമായ വാക്കുകളും ബിന്‍ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ടെന്നും സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ കോളേജ് മാനേജ്മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.