തിരുവനന്തപുരം- ലോക്‌സഭായില്‍ മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിദേശ വ്യവസായിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് മന്ത്രി കെ.ടി ജലീല്‍. ലോക്‌സഭയിലെ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിയോട് ലീഗ് നേതൃത്വം വിശദീകരണമല്ല, രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതിന് കുഞ്ഞാലിക്കുട്ടി പറയുന്ന ന്യായങ്ങള്‍ പച്ചക്കള്ളമാണെന്നും ജലീല്‍ ആരോപിച്ചു. വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
പാര്‍ട്ടി പരമായും വിദേശയാത്രാപരമായും അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് വിശദീകരിച്ച കുഞ്ഞാലിക്കുട്ടി മുത്തലാഖ് വിഷയത്തില്‍ ചില തല്‍പര കക്ഷികളുടെ കുപ്രചരണമാണ് നടക്കുന്നതെന്നും ആരോപിച്ചിരുന്നു.
വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ലീഗും തീരുമാനം മാറ്റി. ഇടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.