കൊച്ചി- മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കാതിരുന്നത് മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ട്. അത് എന്താണെന്ന് അറിയാതെ പ്രതികരിക്കാനില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
ബില്ലിനെ കുറിച്ച് യു.ഡി.എഫിലും യു.പി.എയിലും ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണ്. ബില്‍ നിയമമാക്കുന്നതില്‍ പ്രതിപക്ഷത്തിന് യോജിപ്പില്ല. ബില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പത്ത് പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. വിഷയം സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.പിമാരും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എ.ഐ.എ.ഡി.എം.കെ പോലും ബില്ലിനെ എതിര്‍ത്തു. അത് അംഗീകരിക്കാതെ വന്നപ്പോഴാണ് വോക്കൗട്ട് നടത്തിയതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
മൂന്ന് വര്‍ഷത്തെ തടവ് ഉള്‍പ്പെടെ ക്രിമിനല്‍ വ്യവസ്ഥകള്‍ ചേര്‍ത്തത് അംഗീകരിക്കാനാകില്ലെന്ന് കെ.സി വേഗുഗോപാല്‍ പറഞ്ഞു. വനിതാ ശാക്തീകരണത്തിനല്ല അവരെ ദുര്‍ബലപ്പെടുത്താനെ ഈ ബില്‍ ഉപകരിക്കൂ. ഇക്കാര്യം ഉള്‍പ്പെടെ കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബില്ലിനെ എതിര്‍ത്തതെന്നും വേണുഗോപാല്‍ പറഞ്ഞു.
ബില്‍ രാജ്യസഭയില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കും ഇതേരൂപത്തില്‍ ബില്‍ പാസാക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.