ഇന്ത്യന്‍ പാര്‍ലമെന്റിലെ ആ കസേരയിലേക്ക് തന്നെ സൂക്ഷിച്ചുനോക്കിയാല്‍ അവിടെ ഇ. അഹമ്മദ് സാഹിബ് ഇരിക്കുന്നത് കാണാനാകും. ഗര്‍ജനത്തിന്റെ ഇടവേളയില്‍ മുഖം തുടച്ചിരിക്കുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബിനെ കാണും. പ്രധാനമന്ത്രിയുടെ മുഖത്തേക്ക് നോക്കി അലറിയ ജി.എം ബനാത്ത് വാലയെ കാണും. ശാന്തനെങ്കിലും കനമുള്ള വാക്കുകളാല്‍ പാര്‍ലമെന്റ് കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ചിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും ബി പോക്കര്‍ സാഹിബിനെയും കാണാം. ഭൂതകാലത്തേക്ക് നോക്കാന്‍ മടിയുണ്ടെങ്കില്‍ തൊട്ടടുത്തേക്ക് നോക്കുക. ഇ.ടി മുഹമ്മദ് ബഷീറിനെ കാണും. തിരിഞ്ഞുനോക്കിയാല്‍ എന്‍.കെ പ്രേമചന്ദ്രനെയും ശശി തരൂരിനെയുമൊക്കെ കാണാം.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൂതകാല പ്രതാപവും വര്‍ത്തമാനകാല പ്രൗഢിയുമുള്ള ആ കസേരയില്‍ ഇരിക്കാനാണ് മലപ്പുറത്തുള്ള 5,15,325 പേര്‍ കുഞ്ഞാലിക്കുട്ടിക്ക് വോട്ട് ചെയ്തത്. 1,71,038 വോട്ടിന്റെ ഭൂരിപക്ഷം. ഇത്രയും പേര്‍ വോട്ട് ചെയ്തത് പാര്‍ലമെന്റില്‍ ഒരു വോട്ടു ചെയ്യാനാണ്. അവിടെനിന്ന് ഒളിച്ചോടുന്നത് ഭീരുത്വമാണ്. ഒരു ജനതയോടുള്ള വഞ്ചനയാണ്.
പാര്‍ലമെന്റിനേക്കാള്‍ വലുതാണ് കല്യാണ വീടുകളെന്ന് കരുതുന്നവരെ തെരഞ്ഞെടുക്കാന്‍ നിര്‍ഭാഗ്യം ലഭിച്ചവരെന്ന് നെടുവീര്‍പ്പിടാന്‍ കഴിയുന്നതും ഒരു ഭാഗ്യമായി കരുതുകയേ മലപ്പുറത്തുകാര്‍ക്ക് നിര്‍വാഹമുള്ളൂ..നിങ്ങളെ ഇനിയെങ്കിലും ദൈവം തുണക്കട്ടെ..മുന്‍ഗാമികളുടെ ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ..
ഒരു നിര്‍ണായക ചര്‍ച്ചയില്‍ പങ്കെടുക്കാതെയാണ് പാര്‍ലമെന്റില്‍നിന്ന് മുങ്ങിയത്. പാര്‍ലമെന്റിനേക്കാള്‍ വലുതായിരുന്നു അദ്ദേഹത്തിന് കല്യാണസദ്യ. മുത്തലാഖും മുത്തലാഖ് സംബന്ധിച്ച് പാര്‍ലമെന്റ് കൊണ്ടുവന്ന ബില്ലും തമ്മില്‍ ഒരു ബന്ധവുമില്ല. അങ്ങിനെയുള്ള ഒരു
സഹചര്യത്തില്‍, പ്രത്യേക വിഭാഗത്തിന് നേരെ ഏറ്റവും ക്രൂരമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ഒരു ബില്ലിന്റെ ചര്‍ച്ചയില്‍നിന്നാണ് ഒളിച്ചോടിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വേളയിലും വോട്ട് ചെയ്യാന്‍ അദ്ദേഹം എത്തിയിരുന്നില്ല. വിമാനം വൈകി എന്നായിരുന്നു അന്നത്തെ കാരണം.
ഒരു പോരാട്ടത്തില്‍ ജയിക്കുന്നുവോ തോല്‍ക്കുന്നുവോ എന്നതല്ല, തോല്‍ക്കുകയാണെങ്കിലും ഒരു ജനതക്കൊപ്പം നില്‍ക്കാന്‍ നിങ്ങളുണ്ടോ എന്നാണ് ചോദ്യം. ആ ചോദ്യത്തിനുത്തരമാണ് ലഭിച്ചത്. ഞാനില്ല എന്നാണ് ആ ഉത്തരം. പാര്‍ലമെന്റിനേക്കാള്‍ വലുതല്ല ബിരിയാണിച്ചെമ്പെന്ന് മനസിലാക്കാനുള്ള വകതിരിവെങ്കിലും വേണം. അതില്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
സമുദായത്തിന് വേണ്ടിയാണ് പാര്‍ലമെന്റില്‍ പോകുന്നതെന്ന അവകാശവാദത്തിന്റെ വന്‍മരത്തെയാണ് വെട്ടിയിട്ടത്.
ഒന്നല്ല, രണ്ടുവട്ടം..
വെട്ടാന്‍ ഒരു മഴുവും ഇനി കൊടുക്കാതിരിക്കുക...