റിയാദ്- കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായ ഇന്ത്യൻ എംബസി കോൺസുലാർ അനിൽ നോട്ടിയാൽ സേവന വീഥിയിലെ മൂന്നാണ്ട് പൂർത്തിയാക്കി ലണ്ടൻ ഹൈക്കമ്മീഷനിലേക്ക്. മലയാളികളടക്കമുള്ള ഇന്ത്യൻ പൗരന്മാരുടെ വിഷയത്തിൽ സജീവമായി ഇടപെടുകയും ഇന്ത്യൻ എംബസിയെ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്ത ജനകീയനായ ഈ ഉദ്യോഗസ്ഥൻ ഒരു മാസത്തിന് ശേഷമാണ് റിയാദ് വിടാനിരിക്കുന്നത്. ലണ്ടൻ ഹൈക്കമ്മീഷനിലെ വെൽഫെയർ കോൺസുലാർ ആയാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചിട്ടുള്ളത്.
വിദേശ സർവീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളുടെ ബ്രാൻഡ് അംബാസഡറാകണമെന്നതാണ് വ്യവസ്ഥ. എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ഉത്തരാഖണ്ഡ്് തലസ്ഥാനമായ നൈനിത്താൾ സ്വദേശിയായ ഇദ്ദേഹം കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാകാനാണ് താത്പര്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കേരളത്തിലെത്തിയ അദ്ദേഹം ഗവർണറെയും മന്ത്രിമാരെയും സന്ദർശിക്കുകയും ചെയ്തു. ഉത്തരാഖണ്ഡുകാരനായ ഒരു ഉദ്യോഗസ്ഥൻ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാകാൻ താത്പര്യപ്പെട്ടതിൽ ഗവർണറും മറ്റു നേതാക്കളും ആശ്ചര്യം പ്രകടിപ്പിച്ചെന്ന് അനിൽ പറഞ്ഞു. ലണ്ടനിലായാലും ലോകത്തിന്റെ ഏതു ഭാഗത്തായാലും മരണം വരെ കേരളത്തിന്റെ അംബാസഡർ തന്നെയായിരിക്കും. മലയാളികളുമായി അത്രമാത്രം സുഹൃദ്ബന്ധമാണ് തനിക്കുള്ളത്. തന്റെ സർവീസ് കാലത്ത് ഖത്തറിലും സൗദി അറേബ്യയിലുമായി 15 വർഷത്തോളം താൻ മലയാളികളുമായി അടുത്തിടപെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
2015 ലെ സ്വാത്രന്ത്യ ദിനത്തിലാണ് രണ്ടാം സൗദി അറേബ്യൻ ദൗത്യവുമായി അനിൽ നോട്ടിയാൽ റിയാദ് ഇന്ത്യൻ എംബസിയിലെത്തിയത്. മൂന്നു വർഷത്തിന് ശേഷം ഈ റിപ്പബ്ലിക് ദിനത്തിൽ ഇവിടുത്തെ സേവനം അവസാനിപ്പിച്ച് ലണ്ടനിലേക്ക് മാറിപ്പോവുകയും ചെയ്യും. 1987ൽ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയത്തിലാണ് ജോലി ആരംഭിച്ചത്. പിന്നീട് പാരീസ് എംബസിയിലേക്ക് പോയി. 2004 മുതൽ 2007 വരെ റിയാദ് എംബസിയിൽ ജോലി ചെയ്ത ശേഷം പിന്നീട് ഖത്തർ എംബസിയിലേക്ക് നിയമനം ലഭിച്ചു. അവിടെ നിന്ന് വീണ്ടും റിയാദിലേക്ക് തന്നെ നിയമനം ലഭിച്ചു. ഖത്തറിലും സൗദി അറേബ്യയിലുമാണ് മലയാളികളുമായി സംവദിക്കാൻ കൂടുതൽ അവസരം ലഭിച്ചതെന്നും മലയാളികൾ ആത്മാർഥമായി സ്‌നേഹിക്കുന്നവരും സഹകരിക്കുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ സുതാര്യപാതയിലൂടെ മലയാളികളടക്കമുള്ള സാധാരണ ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമാക്കിയതിൽ വെൽഫെയർ കോൺസുലറായ അനിൽ നോട്ടിയാലിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ വർഷം നടന്ന ജനാദ്രിയ ഫെസ്റ്റിവലിൽ ഇന്ത്യൻ പവലിയനെ ശ്രദ്ധേയമാക്കിയതിന്റെ പ്രധാന ക്രെഡിറ്റും ഇദ്ദേഹത്തിന് തന്നെയായിരുന്നു. പൊതുമാപ്പിൽ രേഖകളില്ലാത്ത ഇന്ത്യക്കാർക്ക് പെട്ടെന്ന് ഫൈനൽ എക്‌സിറ്റ് നൽകാനും നാട്ടിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കാനും അദ്ദേഹം അംബാസഡർ മുഖേന ഇടപെടലുകൾ നടത്തിയിരുന്നു. അന്ന് 76,000 ത്തോളം ഇന്ത്യക്കാർ ഫൈനൽ എക്‌സിറ്റിൽ പോവുകയും 32,000 ത്തോളം പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. നിലവിൽ സൗദിയിൽ 2.71 മില്യൻ ഇന്ത്യക്കാരാണുള്ളത്. സൗദിയിൽ ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടുതലാണെന്ന പ്രചാരണം ശരിയല്ലെന്നും ജനസംഖ്യാനുപാതികമായി മാത്രം അതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എംബസിയെ സാമൂഹിക മാധ്യമങ്ങളിൽ സജീവമാക്കി നിർത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സഹായാഭ്യർഥനകൾക്കെല്ലാം കൃത്യവും പക്വവുമായ പരിഹാരമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെൽഫെയർ വിഭാഗം ചെയ്തു വരുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരുടെ സന്ദർശനം, ജനാദ്രിയ ഫെസ്റ്റിവൽ, പൊതുമാപ്പ് തുടങ്ങിയവയാണ് സൗദിയിലെ സേവനക്കാലത്തെ അവിസ്മരണീയ ദിനങ്ങൾ. സൗദി സംസ്‌കാരവും സമൂഹവും തനിക്കും കുടുംബത്തിനും ഏറെ ഇഷ്ടമാണെന്നും അവസരം ലഭിച്ചാൽ ഇവിടേക്ക് തരിച്ചു വരുന്നതിന് വിമുഖതയില്ലെന്നും അദ്ദേഹം പറഞ്ഞു.