മലപ്പുറം- ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടതായി പാര്‍ട്ടി ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുത്തലാഖ് നിരോധ ബില്‍ പാസാക്കിയ സമയത്ത് കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഇല്ലാത്തത് വിവാദത്തിന് വഴിവെച്ചിരുന്നു. വളരെ സുപ്രധാനമായ ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടെടുപ്പിനോ കുഞ്ഞാലിക്കുട്ടി എത്താത്തതില്‍ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി അണികളില്‍നിന്നടക്കം ഉണ്ടായത്.
മുത്തലാഖ് ബില്‍ വ്യാഴാഴ്ച സഭയില്‍ അവതരിപ്പിക്കുമെന്നും പാസാക്കുമെന്നും നേരത്തെ ഷെഡ്യൂള്‍ ചെയ്തതാണ്. ഇതനുസരിച്ച് ബി.ജെ.പി തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുന്നതടക്കം ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസും തലേന്ന് രാത്രി യോഗം ചേര്‍ന്ന് സഭയില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുകയും ശക്തമായ രീതിയില്‍ ഇടപെടുകയും ചെയ്തു.
കേരളത്തില്‍നിന്ന് മുസ്ലിം ലീഗിലെ മറ്റൊരു എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ആര്‍.എസ്.പി എം.പിയായ എന്‍.കെ പ്രേമചന്ദ്രനുമാണ് ബില്ലിനെ എതിര്‍ത്തു സംസാരിച്ചത്.
മുത്തലാഖ് ബില്ലില്‍ ലോക്സഭയില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുകയാണ്. മുത്തലാഖ് ബില്ലിനോട് മുസ്ലിം ലീഗ് തീരുമാനിച്ചുറപ്പിച്ച നിലപാട് എന്തായിരുന്നു എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ബഹിഷ്‌കരിക്കാനായിരുന്നു മുസ്ലിം ലീഗ് തീരുമാനം എന്നാണ് എം.കെ മുനീര്‍ വ്യക്തമാക്കിയത്. പുതിയ സാഹചര്യത്തിലാണ് ഇടി മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ടു ചെയ്തതെന്നും മുനീര്‍ പറയുന്നു. അതേസമയം ബഹിഷ്‌ക്കരിക്കാനോ എതിര്‍ത്ത് വോട്ട് ചെയ്യാനോ പാര്‍ലമെന്റില്‍ പോകാതെ പ്രവാസി വ്യവസായിയുടെ കല്യാണത്തിനു പോയ കുഞ്ഞാലിക്കുട്ടിയുടെ നടപടിയെ ബഹിഷ്‌കരണ തീരുമാനത്തിന്റെ ഭാഗമായി അവതരിപ്പിക്കാനും ലീഗ് നേതൃത്വത്തിലൊരു വിഭാഗം ശ്രമിക്കുന്നു.
അതേസമയം മുത്തലാഖ് വിവാദം തല്‍പരകക്ഷികളുടെ കുപ്രചരണമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ല. ഇ.ടി.മുഹമ്മദ് ബഷീര്‍ എതിര്‍ത്ത് വോട്ട് ചെയ്തത് തന്നോട് കൂടി ആലോചിച്ച ശേഷമാണ്. ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. വോട്ടെടുപ്പില്‍ പങ്കെടുത്തത് പെട്ടെന്ന് എടുത്ത തീരുമാനമാണ്. അത്യാവശ്യമുള്ളതിനാലാണ് ലോക്സഭയില്‍ എത്താതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.