കോട്ടയം- ചലച്ചിത്ര തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയിൽ. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമയുടെ തിരക്കഥാകൃത്ത് അമ്മഞ്ചേരി ഇല്ലിക്കൽ ദീലീപ് കുര്യനെയാണ് വെസ്റ്റ് പോലീസ്് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടു നഗരമധ്യത്തിലെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു ദിലീപ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ദീലീപിനൊപ്പം പുതിയ സിനിമയുടെ അണിയറ പ്രവർത്തകരും ഹോട്ടലിലുണ്ടായിരുന്നു. തിരക്കഥാകൃത്തിന്റെ രീതിയിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണു വിവരം പോലീസിനെ അറിയിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മുറിയിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവു പിടിച്ചെടുത്തു.