പത്തനംതിട്ട- മുട്ടുമൺ പട്ടം മേലാറ്റിൽ ജോർജിന്റെ ഭാര്യ മറിയാമ്മ (77) ജാർഖണ്ഡ് സ്വദേശിയായ വേലക്കാരി സുശീല(22)യുടെ അടിയേറ്റ് മരിച്ചു. സുശീലയെ പോലീസ് അറസ്റ്റു ചെയ്തു. മറിയാമ്മയും ഭർത്താവ് ജോർജും വേലക്കാരിയും മാത്രമായിരുന്നു വീട്ടിൽ. ജോർജ് പുറത്തുപോയ സമയം മറിയാമ്മയും സുശീലയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സുശീല കുന്താലിക്കൈകൊണ്ട് മറിയാമ്മയെ മർദിക്കുകയായിരുന്നു. മടങ്ങിയെത്തിയ ജോർജ്, മറിയാമ്മ വീണുകിടക്കുന്നതുകണ്ട് വേലക്കാരിയോടെ അന്വേഷിച്ചപ്പോൾ തെന്നിവീണതാണെന്നായിരുന്നു മറുപടി. ഉടൻതന്നെ തിരുവല്ലയിൽെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർജിനും ആശുപത്രി അധികൃതർക്കും സംശയം തോന്നിയതിനെത്തുടർന്ന് കോയിപ്രം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സുശീലയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കഥ പുറത്തുവന്നത്.