നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് വ്യാഴാഴ്ച രാത്രി പോകേണ്ട ഇത്തിഹാദ് എയർലൈൻസ് വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് യാത്ര മുടങ്ങി. വ്യാഴാഴ്ച രാത്രി 10.30 ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇത്തിഹാദ് എയർലൈൻസ് വിമാനം യന്ത്രത്തകരാറിനെ തുടർന്നാണ് മടക്കയാത്ര മുടങ്ങിയത്. വ്യാഴാഴ്ച വൈകിയും വിമാനത്തിന് അബുദാബിയിലേയ്ക്ക് പോകാനാകാതെ വന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.
തകരാർ പരിഹരിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം കുറച്ച് യാത്രക്കാരെ മറ്റ് വിമാനങ്ങളിലായി യാത്രയാക്കി. വ്യാഴാഴ്ച രാത്രി 10.30 ഓടെ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കുന്നതിനിടെ പക്ഷിയിടിച്ചാണ് യന്ത്രത്തിന് തകരാറ് സംഭവിച്ചത്. തുടർന്ന് വിമാനം സുരക്ഷിതമായി ഇറക്കി. എന്നാൽ യന്ത്ര തകരാർ മൂലം 11.30 നുള്ള മടക്കയാത്ര മുടങ്ങി. മടക്കയാത്രയിലെ 189 ഓളം യാത്രക്കാർ ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങി. പ്രതിഷേധം കനത്തതോടെ കുറച്ചു പേരെ സമീപത്തെ ഹോട്ടലുകളിലേക്ക് ആദ്യം മാറ്റി. പിന്നീട് ഇന്നലെ ഉച്ചയോടെയാണ് മുഴുവൻ യാത്രക്കാരെയും പല വിമാനങ്ങളിലായി അബുദാബിയിലേക്ക് വിട്ടത്.