പെരുമ്പാവൂര്‍- കേരളീയ നവോത്ഥാനത്തില്‍ ഇസ്‌ലാമിക സമൂഹം വഹിച്ച പങ്കിന് നേരെ കണ്ണടച്ച് നിര്‍മിക്കുന്ന നവോത്ഥാന മതില്‍ ഇരുട്ടിന്റെ മതിലായിരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
വായിക്കുക നാഥന്റെ നാമത്തില്‍ എന്ന ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ് ലാമി എറണാകുളം ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ കാമ്പയിന്റെ ഭാഗമായി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പഠിതാക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയതക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഇസ്ലാമാണ്. കേരള ചരിത്രം പഠിക്കുന്ന ആര്‍ക്കും ഇത് ബോധ്യമാകും. മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന സങ്കല്‍പം കേരളീയ സമൂഹത്തില്‍ വലിയ മാറ്റത്തിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതിക്ക് വേണ്ടി നിലകൊള്ളാനുള്ള ഖുര്‍ആന്റെ ആഹ്വാനം ഏറെ പ്രസക്തമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വര്‍ഗീയത വളര്‍ത്തി സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ മനുഷ്യ സ്‌നേഹം കൊണ്ട് നേരിടാന്‍ ഖുര്‍ആന്റെ അനുയായികള്‍ തയ്യാറാകണം. സമൂഹത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ് വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങള്‍. വിശുദ്ധ ഖുര്‍ആന്റെ ജീവിക്കുന്ന മാതൃകകളായി പുതു തലമുറയെ വളര്‍ത്തിയെടുക്കാനുള്ള കലാലയങ്ങളായി വീടുകള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീയെ ആദരിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സഫിയ ശറഫിയ്യ അഭിപ്രായപ്പെട്ടു. വൈജ്ഞാനികവും സാംസ്‌കാരികവുമായ അടിത്തറ വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ് നാം സ്വാംശീകരിക്കേണ്ടത്.
ഖുര്‍ആന്‍ സ്റ്റഡീസെന്ററിലൂടെ ഖുര്‍ആന്‍ പഠനം പൂര്‍ത്തീകരിച്ചവരെയും 15 വര്‍ഷം പൂര്‍ത്തീകരിച്ച അധ്യാപകരെയും വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കളെയും സംഗമത്തില്‍ ആദരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എം.കെ.അബൂബക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ഖതീബ് കൗണ്‍സില്‍ കേരള ചെയര്‍മാന്‍ ഇ.എം.മുഹമ്മദ് അമീന്‍, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ കെ.ബി.അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ് എം.പി.ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ജമാലുദ്ധീന്‍, ജില്ലാ സമിതിയംഗങ്ങളായ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, വി.എ.ഇബ്രാഹിംകുട്ടി, എം.എ.മൂസ, കെ.എ. കാസിം മൗലവി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി പി.എം.മുഹമ്മദ് റഫീഖ്, എസ്.ഐ.ഒ. ജില്ലാ സെക്രട്ടറി സാജിദ്, ജി.ഐ.ഒ. ജില്ലാ പ്രസിഡന്റ് അബീന മന്‍സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.കെ.അഷറഫ് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.കെ.സലീം സ്വാഗതവും സമ്മേളന ജനറല്‍ കണ്‍വീനര്‍ ടി.എം.മുഹമ്മദ് കുഞ്ഞ് നന്ദിയും പറഞ്ഞു.