കാസർകോട്- വ്യാജ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് എടുത്തു നൽകി വാഹന ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടുന്ന ഗൂഢസംഘം വ്യാപകമായി പ്രവർത്തിക്കുന്നതായി വിവരം പുറത്തുവന്നു. ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകൾ തന്നെയാണ് ഇവിടെയും അരങ്ങേറുന്നത്. ഓൺലൈൻ അപേക്ഷകളിൽ കൃത്രിമം കാണിച്ചാണ് പലരെയും തട്ടിപ്പിന് ഇരയാക്കുന്നത്. വ്യാജ ഇൻഷുറൻസ് പോളിസി നൽകിയ സംഭവത്തിൽ കാഞ്ഞങ്ങാട് ആർ.ടി.ഒ പരിധിയിൽ രണ്ടു തട്ടിപ്പുകളും കണ്ണൂരിൽ അഞ്ചോളം തട്ടിപ്പുകളും പുറത്തുവന്നു കഴിഞ്ഞു. മറ്റ് ജില്ലകളിൽ വ്യാപകമായ തട്ടിപ്പുകൾ അരങ്ങേറുകയാണ്. പിടിക്കപ്പെടാതെ കിടക്കുന്ന നിരവധി കേസുകൾ നിലവിലുണ്ടെന്നും പറയുന്നു. വ്യാജ പോളിസി സർട്ടിഫിക്കറ്റ് നൽകി കണ്ണൂരിൽ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും സജീവമായി രംഗത്തുണ്ട്. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഇൻഷുറൻസ് കമ്പനികളുടെ ചില ഏജന്റുമാരും ചെറുകിട വാഹന ഇടപാടുകാരും വിതരണക്കാരും ചേർന്ന സംഘം വാഹന ഉടമകളെ വഞ്ചിക്കുന്നത്. പോളിസി എടുത്താൽ വാഹനം നിറയെ ഇന്ധനം നൽകാമെന്ന വാഗ്ദാനത്തിൽ വാഹന ഉടമകൾ പലരും വീണുപോവുകയാണ്. വാഹന ഇൻഷുറൻസ് പോളിസി തുക വൻതോതിൽ കൂടിയപ്പോൾ അത് മറയാക്കി ചുരുങ്ങിയ നിരക്കിൽ ഇൻഷുറൻസ് പോളിസി എടുത്തു നൽകാം എന്ന് പറഞ്ഞാണ് ഈ സംഘം ഉടമകളെ സമീപിക്കുന്നത്. വ്യാജ ഇൻഷുറൻസ് പോളിസി എടുത്തു നൽകി പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമായിട്ടും ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികൾ മൗനം പാലിക്കുന്നതും ദുരൂഹമാണെന്ന് പറയുന്നു. മതിയായ അന്വേഷണം നടത്താനോ ഗതാഗത വകുപ്പ് അധികൃതരുമായി ചേർന്ന് ക്രിമിനൽ നടപടി കൈക്കൊള്ളാനോ ഇൻഷുറൻസ് കമ്പനി അധികൃതർ തയ്യറാകുന്നില്ലെന്നാണ് ആക്ഷേപം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വ്യാജരേഖകൾ ഉണ്ടാക്കി ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകുന്നത്. മംഗളുരു , ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ എടുത്തുനൽകുന്ന ചില 'തരികിട' വാഹന വിതരണ കമ്പനികളുടെ ജീവനക്കാരുടെ ഒത്താശയും ഇതിനുണ്ടെന്ന് പറയുന്നു. ഉത്തരവാദിത്തമുള്ള വൻകിട വിതരണ കമ്പനികളൊന്നും ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇൻഷുറൻസ് എടുക്കാൻ ഓണലൈനിൽ ആണ് അപേക്ഷ നൽകുന്നത്. പണം അടക്കാൻ 14 ദിവസത്തെ സാവകാശം കിട്ടും. അതിന് ശേഷം മാത്രമാണ് പോളിസി സർട്ടിഫിക്കറ്റ് നൽകുന്നത്. ഇങ്ങനെ ബുക്ക് ചെയ്യുന്ന പോളിസി അതിന് ശേഷം ഉടമ അറിയാതെ റദ്ദ് ചെയ്താണ് വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം തട്ടുന്നത്. വാഹനം ഇൻഷുർ ചെയ്യാനായി ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിന്റ് ഔട്ട് ആണ് തട്ടിപ്പുസംഘങ്ങളിൽ അംഗങ്ങളായ ഏജന്റുമാർ ഉടമക്ക് നൽകി പണം വാങ്ങുന്നത്. വാഹനങ്ങൾ എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്യുകയോ മരണങ്ങൾ സംഭവിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് ഉടമകൾ ഇൻഷുറൻസ് ക്ലെയിമിനായി സമീപിക്കുന്നത്. അപ്പോൾ മാത്രമാണ് ഇൻഷുർ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെടുക. കേസുകൾ പലതും ഒത്തുതീർപ്പാക്കുന്നതിന് ശ്രമം നടക്കുന്നതിനാലും ഇൻഷുറൻസ് തുക ആവശ്യപ്പെട്ട് ഉടമകൾ പലരും കോടതിയിലെത്തുന്നുമില്ല. നിയമപരമായ നടപടികൾ നേരിടുന്നതിൽ ഉടമകൾക്ക് താൽപര്യം കുറവായതും ഇൻഷുറൻസ് തട്ടിപ്പുകൾ പുറത്തുവരാതിരിക്കാൻ കാരണമാകുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തുന്നു.
വ്യാജ ഇൻഷുറൻസ് പോളിസിയാണെന്ന് കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. ഓൺലൈൻ അപേക്ഷ പ്രകാരം വാഹനങ്ങളിൽ സൂക്ഷിക്കുന്നത് അതിന്റെ കാൻസൽ ചെയ്യുന്നതിന് മുമ്പുള്ള 'ഒർജിനൽ' സർട്ടിഫിക്കറ്റ് ആയിരിക്കും. ഈ ഓൺലൈൻ രേഖകൾ പരിശോധന നടത്താനുള്ള സംവിധാനവും നമുക്കില്ല. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരം ഇൻഷുറൻസ് തട്ടിപ്പുകളുടെ റിപ്പോർട്ടുകൾ വരുന്നുണ്ട്.