Sorry, you need to enable JavaScript to visit this website.

കെ.എം. ഷാജിയെ  ഒഴിവാക്കിയ സംഭവം വിവാദമാവുന്നു

കണ്ണൂർ- സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ അഴീക്കോട് സിൽക്കിലെ വിവിധ പരിപാടികളിൽനിന്നും സ്ഥലം എം.എൽ.എ കെ.എം. ഷാജിയെ ഒഴിവാക്കിയ സംഭവം വിവാദമാവുന്നു. ഇതിനെതിരെ ലീഗ് നേതൃത്വം രംഗത്തുവന്നുകഴിഞ്ഞു. എന്നാൽ ഷാജിക്കെതിരെയുണ്ടായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നാണ് സിൽക് അധികൃതരുടെ നിലപാട്.കെ.എം. ഷാജിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളിൽ നിന്നടക്കം ഒഴിവാക്കിയെന്നതാണ് കൗതുകകരം.
സിൽക്കിലെ സ്ലിപ് വേയുടെ നിർമ്മാണ ഉദ്ഘാടനം അടക്കമുള്ള പരിപാടികളാണ് ഇന്ന് നടക്കുന്നത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഉദ്ഘാടകൻ. ഈ ചടങ്ങിലെ അധ്യക്ഷ സ്ഥാനത്തുനിന്നു മാത്രമല്ല, പരിപാടിയിൽനിന്നു തന്നെ ഷാജിയെ ഒഴിവാക്കുകയായിരുന്നു. ആദ്യം തയ്യാറാക്കിയ ക്ഷണക്കത്തിൽ ഷാജിയെയാണ് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. ഇതിന്റെ ക്ഷണപത്രവും തയ്യാറാക്കിയിരുന്നു. എന്നാൽ പിന്നീട് സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ഷാജിയെ ഒഴിവാക്കി പി.കെ. ശ്രീമതി ടീച്ചർ എം.പിയെ അധ്യക്ഷയായി തീരുമാനിക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിക്കുന്നു. സർക്കാരിന്റെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും ചടങ്ങുകളിൽ മന്ത്രിയാണ് ഉദ്ഘാടകനെങ്കിൽ സ്ഥലം എം.എൽ.എയെ അധ്യക്ഷനാക്കണമെന്നാണ് ചട്ടം. ഇതാണ് ലംഘിക്കപ്പെട്ടത്.
അതേസമയം, ഷാജിക്ക് കോടതി അയോഗ്യത കൽപ്പിച്ചതിനാൽ ഒഴിവാക്കുകയായിരുന്നുവെന്നും സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡാണ് ഈ തീരുമാനം എടുത്തതെന്നും സിൽക് എം.ഡി  ജെ. ചന്ദ്രബോസ് പറഞ്ഞു. ഇക്കാര്യത്തിൽ ആരും ഒരു കാര്യവും നിർദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. ഷാജിക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ജനപ്രതിനിധി എന്ന നിലയിൽ ചുമതലകൾ നിർവഹിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു'. ഇതനുസരിച്ച് ഷാജി നി യമസഭയിൽ എത്തുകയും ചെയ്തിരുന്നു. നേരത്തെ കണ്ണൂർ എം.എൽ.എയായിരുന്ന എ.പി. അബ്ദുല്ലക്കുട്ടിക്കും സമാനമായ അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അബ്ദുല്ലക്കുട്ടിയെ അധ്യക്ഷനാക്കാതിരിക്കാനായി രണ്ടു മന്ത്രിമാരെ ചടങ്ങിൽ പങ്കെടുപ്പിക്കുകയായിരുന്നു.

Latest News