കോഴിക്കോട്- കേരളത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനം നടത്തുമ്പോൾ തന്നെ ദേശീയപാതാ വികസനവും മറ്റു വൻകിട പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് ബൈപാസിൽ തൊണ്ടയാട് മേൽപാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്ന് നടപ്പാക്കുമ്പോൾ മറ്റൊന്നിനെ അവഗണിക്കുകയില്ല. പുനർ നിർമ്മാണത്തേയും നാടിന്റെ സമഗ്രവികസനത്തേയും സമന്വയിപ്പിക്കുന്ന കാഴ്ചപ്പാടാണ് സർക്കാറിനുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളം ആ രീതിയിലാണ് യാഥാർത്ഥ്യമാക്കിയത്.
കാലവർഷക്കെടുതി നിരവധി പാഠങ്ങളാണ് നമുക്കു പകർന്നു നൽകിയിട്ടുള്ളത്. അവ ഉൾക്കൊണ്ടുകൊണ്ട് പ്രകൃതിദുരന്തങ്ങൾക്ക് തകർക്കാൻ കഴിയാത്ത തരത്തിലുള്ള പുനർനിർമാണം വിഭാവനം ചെയ്യുന്ന റീബിൾഡ് കേരള പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സർക്കാർ. വലിയ ദുരന്തങ്ങളിൽനിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കൂടി കണക്കിലെടുത്താണ് പ്രളയാനന്തര പുനർനിർമാണത്തിനായുള്ള പദ്ധതികൾ തയ്യാറാക്കിവരുന്നത്. വേഗം, കാര്യക്ഷമത, ഗുണനിലവാരം, ദീർഘകാല ഈടുനിൽപ്പ് തുടങ്ങിയവ ഉറപ്പുവരുത്തുന്നതും നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതുമായ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതത് പ്രദേശങ്ങളുടെ സവിശേഷതകൾ കൂടി ഉൾക്കൊള്ളുന്ന വിധത്തിലാവും പുനർനിർമാണം നടപ്പിലാക്കുക.
തകർക്കപ്പെട്ട റോഡുകളുടെ അവശിഷ്ടങ്ങളിൽ നിന്നുതന്നെ റോഡുകളുടെ പുനർനിർമാണത്തിനും നവീകരണത്തിനും വേണ്ട അസംസ്‌കൃത വസ്തുക്കൾ കണ്ടെത്തുന്നതുൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ മാർഗങ്ങളാണ് സർക്കാർ കേരളത്തിന്റെ പുനർനിർമാണത്തിനായി അവലംബിക്കുന്നത്. നഷ്ടപ്പെട്ടുപോയവ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം എന്ന കാഴ്ചപ്പാട് നമ്മെ നയിക്കുമ്പോൾ തന്നെ അത് പാരിസ്ഥിതിക താൽപര്യങ്ങളെയും സുസ്ഥിര മാതൃകകളെയും ഉൾക്കൊള്ളുന്ന വിധത്തിലായിരിക്കണം എന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. കണ്ണൂർ വിമാനത്താവളം ആ രീതിയിലാണ് യാഥാർത്ഥ്യമാക്കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണത്തിൽ ഓഖിയും പ്രളയവുംമൂലം ചില തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ, അവ പരിഹരിച്ചുകൊണ്ട് തുറമുഖ നിർമാണം പുരോഗമിക്കുകയാണ്. തീരദേശ മലയോര ഹൈവേകൾ, ദേശീയ ജലപാത, വാട്ടർ മെട്രോ, കൊച്ചി മെട്രോയുടെ വികസനം, ഗെയ്ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളും ലക്ഷ്യത്തോടടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.