തലശ്ശേരി- വിശ്വാസത്തിന്റെ പേരിൽ മതിൽ കെട്ടാൻ നടക്കുന്ന വർത്തമാനകാലത്ത് ഇതര മതസ്ഥരെ പങ്കെടുപ്പിച്ച് വേറിട്ടൊരു ജുമാ നമസ്‌കാരം. തലശ്ശേരിക്കടുത്ത പുന്നോൽ ത്വയ്യിബ ജുമാ മസ്ജിദിൽ നടന്ന നമസകാര ചടങ്ങ് അവിസ്മരണീയ കാഴ്ചയായി. സഹോദരരായ ഇതരസമുദായ അംഗങ്ങളെ പങ്കെടുപ്പിച്ചാണ് വെള്ളിയാഴ്ചത്തെ ജുമാ നമസ്‌കാരം നടന്നത്. പുന്നോൽ ത്വയ്യിബ ജുമാ മസ്ജിദിൽ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ വിവിധ സമുദായ അംഗങ്ങൾ ഒത്ത് ചേർന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം പോരടിക്കപ്പെടുന്ന വർത്തമാനകാലത്ത് ഒത്തൊരുമയുടെ സ്‌നേഹവും സന്ദേശവും സൗന്ദര്യവും യുവതലമുറയെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്‌നേഹസംഗമം ഒരുക്കിയതെന്ന് ത്വയ്യിബ ജുമാ മസ്ജിദ് ഭാരവാഹികൾ പറഞ്ഞു. എ.പി.നിസ്താർ കീഴുപറമ്പ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ശ്രീനാരായണമഠം പ്രസിഡന്റ് വേണുഗോപാൽ, തണൽ ഫൗണ്ടേഷൻ സെക്രട്ടറി സി.പി.അഷ്‌റഫ് ,എം. ഉസ്മാൻ കുട്ടി, തലശ്ശേരി പ്രസ് ഫോറം പ്രസിഡന്റ് എൻ.പ്രശാന്ത്, പി.എം അബ്ദുന്നാസിർ തുടങ്ങിയവർ പങ്കെടുത്തു.