ദമാം - കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിൽ പ്രവേശിക്കുന്ന സൗദി പൗരന്മാരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കി. ഒരുവിധ നടപടിക്രമങ്ങളും പൂർത്തിയാക്കാതെ ഇവർക്ക് ബഹ്‌റൈനിലേക്ക് പ്രവേശനം നൽകുന്നതിന് തുടങ്ങി.
മധ്യവർഷാവധിയിലെ കടുത്ത തിരക്ക് കണക്കിലെടുത്ത് പ്രത്യേക ഇളവെന്നോണമാണ് സൗദി പൗരന്മാർക്ക് ഒരുവിധ നടപടിക്രമങ്ങളും കൂടാതെ ബഹ്‌റൈനിലേക്ക് പ്രവേശനം നൽകുന്നത്. അവധിക്കാലത്തു മാത്രമാണ് ഈ ക്രമീകരണം നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പ്രവേശന നടപടികൾ കംപ്യൂട്ടറിൽ രേഖപ്പെടുത്താതെ സൗദി പൗരന്മാരെ കടത്തിവിടുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കൗണ്ടറുകൾക്കു മുന്നിൽ സൗദി പൗരന്മാർക്ക് കാത്തുനിൽക്കേണ്ടിവരുന്നില്ല.
നടപടിക്രമങ്ങൾ കൂടാതെ സൗദി പൗരന്മാർക്ക് പ്രവേശനം നൽകുന്നതിന് തുടങ്ങിയതോടെ ബഹ്‌റൈനിലേക്ക് സൗദി പൗരന്മാരുടെ ഒഴുക്കാണ്. ഇന്നലെയും മിനിഞ്ഞാന്നും ലക്ഷത്തിലേറെ പേർ വീതമാണ് കോസ്‌വേ വഴി കടന്നുപോയത്. വരും ദിവസങ്ങളിലും കോസ്‌വേ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയിലെ മുഴുവൻ വകുപ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
വ്യാഴാഴ്ച കിംഗ് ഫഹദ് കോസ്‌വേ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി കോസ്‌വേ ജവാസാത്ത് മേധാവി കേണൽ ദുവൈഹി അൽസഹ്‌ലി പറഞ്ഞു. കോസ്‌വേയിലെ മുഴുവൻ ട്രാക്കുകളും യാത്രക്കാർക്കു മുന്നിൽ തുറന്നിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്ത് നിർഗമന വിഭാഗത്തിലെ 12 ട്രാക്കുകളും തുറന്നിരുന്നു. വ്യാഴാഴ്ച കോസ്‌വേ വഴി ബഹ്‌റൈനിൽ നിന്ന് 43,560 പേർ സൗദിയിൽ പ്രവേശിക്കുകയും 57,900 പേർ സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് പോവുകയും ചെയ്തു. വ്യാഴാഴ്ച ആകെ 1,01,460 പേരാണ് കോസ്‌വേ വഴി യാത്ര ചെയ്തത്. യാത്രക്കാർക്ക് സേവനം നൽകുന്നതിന് കോസ്‌വേയിലെ ജവാസാത്ത് ഉദ്യോഗസ്ഥർ ഇരുപത്തിനാലു മണിക്കൂറും കർമനിരതരായി രംഗത്തുണ്ട്. യാത്രക്കാർക്ക് ഒരുവിധ പ്രതിബന്ധങ്ങളും നേരിടുന്നില്ല. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും എല്ലാവരുടെയും നടപടിക്രമങ്ങൾ ജവാസാത്ത് വേഗത്തിൽ പൂർത്തിയാക്കിയതായും കേണൽ ദുവൈഹി അൽസഹ്‌ലി പറഞ്ഞു.