Sorry, you need to enable JavaScript to visit this website.

തൊഴിൽ പ്രശ്‌നത്തിൽ ലേബർ ഓഫീസ് ഇടപെട്ടു

ദമാം - സ്വകാര്യ കമ്പനിയിലെ തൊഴിൽ പ്രശ്‌നത്തിൽ ജുബൈൽ ലേബർ ഓഫീസ് ഇടപെട്ടു. മാസങ്ങളായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കമ്പനിയിലെ 500 ലേറെ വരുന്ന തൊഴിലാളികൾ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജുബൈൽ ലേബർ ഓഫീസ് പരിശോധനാ വിഭാഗം മേധാവി അലി അൽഫൈഫിയുടെ നേതൃത്വത്തിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ പോലീസിന്റെ അകമ്പടിയോടെ സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി. 
അഞ്ചു മാസത്തെ വരെ വേതന കുടിശ്ശികയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും തീർത്ത് നൽകി ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കണമെന്ന് തൊഴിലാളികളിൽ ചിലർ ആവശ്യപ്പെട്ടു. മറ്റു കമ്പനികളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് ചിലർ ആഗ്രഹം പ്രകടിപ്പിച്ചു. 
തൊഴിലാളികളുടെ മുഴുവൻ ആവശ്യങ്ങളും പഠിക്കുമെന്നും വേതന കുടിശ്ശികയും സർവീസ് ആനുകൂല്യവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ലേബർ ഓഫീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് നിയമാനുസൃത മാർഗങ്ങൾ അവലംബിക്കണമെന്നും ഈ ലക്ഷ്യത്തോടെ ലേബർ ഓഫീസിൽ പരാതി നൽകണമെന്നും ഉദ്യോഗസ്ഥർ തൊഴിലാളികളോട് പറഞ്ഞു. 
ലേബർ ഓഫീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിച്ച് തൊഴിലാളികൾ പിന്നീട് താമസസ്ഥലങ്ങളിലേക്ക് മടങ്ങി. നിയമാനുസൃത മാർഗത്തിൽ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ലേബർ ഓഫീസിനെ സമീപിക്കുമെന്നും ഇവർ പറഞ്ഞു. 

 

Latest News