ജിദ്ദയില്‍ മരിച്ച കുഞ്ഞിമംഗലം സ്വദേശി ഹരിദാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ജിദ്ദ- ജിദ്ദയില്‍ നിര്യാതനായ പയ്യന്നൂര്‍ കുഞ്ഞിമംഗലം കുതിരുമ്മല്‍ സ്വദേശി കൊളങ്ങരത്ത് വളപ്പില്‍ ഹരിദാസിന്റെ (51) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ട് എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന മൃതദഹേം രാവിലെ പത്ത് മണിയോടെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
ഓള്‍ഡ് മക്ക റോഡില്‍ നെസ്മ ആന്റ് പാര്‍ട്‌ണേഴ്‌സ് ക്യാമ്പില്‍ കാര്‍പന്റര്‍ ഫോര്‍മാനായി ജോലി ചെയ്തിരുന്ന ഹരിദാസന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം പത്തിനാണ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ മരിച്ചത്.
കമ്പനിയിലെ സഹപ്രവര്‍ത്തകരും കമ്പനി പ്രതിനിധികളായ ജാസ്മിന്‍ മാലിക്, അബ്ദുല്‍ അസീസ്, ജാബിര്‍ കൊടുവള്ളി എന്നിവരും ജിദ്ദ കെ.എം.സി.സി, കണ്ണൂര്‍ സൗഹൃദ വേദി പ്രവര്‍ത്തകരും നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രംഗത്തുണ്ടായിരുന്നു.

നാട്ടില്‍ കോണ്‍ഗ്രസ് ഐ മണ്ഡലം സെക്രട്ടറി സതീഷ്, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.ടി. സഹദുല്ല, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എസ്.കെ.പി സക്കരിയ, എം.കെ. രാഘവന്‍ എം.പി എന്നിവരും ജ്വാല ആര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരും ആവശ്യമായ സഹായം നല്‍കി.  


പരേതരായ കെ.വി. നാരായണന്റേയും  പാറുവിന്റേയും മകനാണ്. രേഖയാണ് ഭാര്യ. വിദ്യാര്‍ഥികളായ അഖില്‍ ദാസ്, അഭിനന്ദ് എന്നിവര്‍ മക്കള്‍. സൗദിയില്‍ പ്രവാസ ജീവിതം ആരംഭിച്ച ഹരിദാസ് പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് വീണ്ടും സൗദിയിലെത്തിയത്.

 

Latest News