റിയാദ്- കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ച നടത്തി. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും മധ്യപൗരസ്ത്യദേശത്തെ പുതിയ സംഭവവികാസങ്ങളും മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നടത്തുന്ന ശ്രമങ്ങളും ഈ പ്രശ്‌നങ്ങളിൽ ഇരു രാജ്യങ്ങളുടെയും നിലപാടുകളും ഇരുവരും വിശകലനം ചെയ്തു. എല്ലാ മേഖലകളിലും സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം പ്രശംസനീയമാണെന്ന് ട്രംപ് പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്ച മഹാസംഭവമായിരുന്നെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.
വിദേശ മന്ത്രി ആദിൽ അൽജുബൈർ, ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി ജനറൽ അബ്ദുൽ അസീസ് അൽഹുവൈരിനി, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ, യു.എസ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ജേർഡ് കുഷ്‌നർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ മക്മാസ്റ്റർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.