Sorry, you need to enable JavaScript to visit this website.

മുണ്ടക്കയത്ത് പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി ജെസ്‌നയോ; അന്വേഷണം ഊര്‍ജിതമാക്കി

കോട്ടയം- കാണാതായ ജെസ്‌നക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലൂടെ ജെസ്‌നയെന്നു സംശയിക്കുന്ന പെണ്‍കുട്ടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. ജെസ്‌നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തെളിവുകള്‍ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി.

പെണ്‍കുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതും ഒരു കാര്‍ വരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവര്‍ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായി ദൃശ്യങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കാണിച്ചു.  

എന്നാല്‍ വാഹനം തിരിച്ചറിയുന്നതിനോ യുവാവും സ്ത്രീയും ആരാണ് മനസ്സിലാക്കുന്നതിനോ യാതൊരു സൂചനയും സംഘത്തിനു ലഭിച്ചില്ല. വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലാത്തതാണ് ഇതു തിരിച്ചറിയാനുള്ള തടസ്സം. ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയും യുവാവും ആരാണെന്നും ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച ജെസ്‌ന തിരോധാനം ഒരു മാസം മുമ്പാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്.

 

Latest News