ക്രിക്കറ്റ് ചരിത്രമറിയാന്‍ ഒരു കലണ്ടര്‍

 കാസര്‍കോട്- 2019 ലോകകപ്പ് ക്രിക്കറ്റിന്റെ കൂടി വര്‍ഷമാണ്. ക്രിക്കറ്റ് കലണ്ടര്‍ ഒരുക്കിയിരിക്കുകയാണ് വസിഷ്ഠ് മാണിക്കോത്ത്. 1975 ലെ പ്രഥമ ലോകകപ്പ് മുതല്‍ 2015 വരെയുള്ള ലോക ചാമ്പ്യന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് ഈ കൊച്ചു കലണ്ടര്‍.
രണ്ട് പ്രാവശ്യമാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്. 1983 ലും 2011ലും. ഈ കാലഘട്ടത്തിനിടയില്‍ രാജ്യത്തുണ്ടായ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് തന്റെ കലണ്ടര്‍ എന്ന് അധ്യാപകനും എഴുത്തുകാരനുമായ വസിഷ്ഠ് പറയുന്നു: 'ഈ മാറ്റങ്ങള്‍ എല്ലാം ക്രിക്കറ്റിലും പ്രകടമാണ്. 1848 ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം യൂറോപ്പിനെ പിടികൂടിയ കമ്മ്യൂണിസം വിപ്ലവങ്ങളായി രൂപാന്തരം പ്രാപിച്ചു.തുടര്‍ന്ന് യൂറോപ്പ്യന്‍ മൂലധനം സുരക്ഷിതങ്ങളായ താവളങ്ങള്‍ അന്വേഷിച്ചു തുടങ്ങി. ഇന്ത്യയായിരുന്നു ബ്രിട്ടീഷ് മൂലധനത്തിന്റെ സുരക്ഷിത താവളമായി വര്‍ത്തിച്ചത്. 1857 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടന്‍ അടിച്ചമര്‍ത്തി.എന്നാല്‍ ഇതിന് ശേഷം ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് പാര്‍ലിമെന്റ് നേരിട്ട് ഏറ്റെടുത്തു. ഇതോടു കൂടി മൂലധനവും അതിര്‍ത്തി ഭേദനം ആഘോഷമാക്കുന്ന ക്രിക്കറ്റ് എന്ന കായിക രൂപവും ഇന്ത്യയില്‍ കൂടുതല്‍ പ്രചരിക്കാന്‍ തുടങ്ങി. . 1983 ലെ കപില്‍ ദേവിന്റെ 'ചെകുത്താന്‍മാരുടെ' ലോകകപ്പ് വിജയത്തോടെ ക്രിക്കറ്റിന് ഇന്ത്യയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായത്. 1990 കളില്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ ക്രിക്കറ്റിനേയും സ്വാധീനിച്ചു. ജനപ്രിയമായ എല്ലാത്തിനേയും ഏറ്റെടുക്കുന്ന കോര്‍പ്പറേറ്റ്കളുടെ ശ്രദ്ധ ക്രിക്കറ്റിലേക്ക് തിരിഞ്ഞു. ക്രിക്കറ്റ് എന്തെന്ന് അറിയാത്ത ചൈനയിലേയും ,ജപ്പാനിലേയും, തെക്കന്‍ കൊറിയയിലേയും കോര്‍പ്പറേറ്റുകളുടെ സ്പോണ്‍സര്‍ഷിപ്പ് ക്രിക്കറ്റിന് ലഭിച്ചു. എല്‍.ജി കപ്പും, ഹുണ്ടായ് കപ്പും, വിവോ ഐ.പി.എല്ലും ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ പ്രത്യക്ഷപ്പെട്ടു.

ചൈനയിലെ ഒപ്പോ എന്ന മൊബൈല്‍ കമ്പനിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍. നിരവധി ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് ശേഷവും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. പക്ഷേ ഇന്ത്യന്‍ സിനിമകള്‍ വന്‍മതില്‍ ഭേദിച്ച് കോടിക്കണക്കിന് യുവാന്‍ ആണ് ചൈനയില്‍ നിന്നും നേടുന്നത്. ഡങ്കല്‍ എന്ന ഹിന്ദി സിനിമ ചൈനയില്‍ നിന്നും 1000 കോടി ഇന്ത്യന്‍ രൂപയാണ് നേടിയത്. അതേ പോലെ ഇന്ത്യന്‍ മൊബൈല്‍ വിപണി നിയന്ത്രിക്കുന്നത് വിവോ, ഓപ്പോ എന്നീ ചൈനീസ് കമ്പനികളാണ്. ആഗോളവല്‍ക്കരണമെന്നാല്‍ മൂലധനത്തിന്റെ അതിര്‍ത്തി ഭേദനമായ വര്‍ത്തമാനകാലത്ത് ക്രിക്കറ്റിന്റെ കുട്ടിരൂപമായ ട്വന്റി20യും ഐ.പി.എല്ലും ആഘോഷമാക്കപ്പെടുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല.

 

Latest News