റിയാദ് - സംഘർഷത്തിൽ തകർന്നടിഞ്ഞ സിറിയയുടെ പുനർനിർമാണത്തിന് പുതിയ ധനസഹായങ്ങളൊന്നും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടില്ലെന്ന് വാഷിംഗ്ടൺ സൗദി എംബസി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ സിറിയ പുനർനിർമാണത്തിന് സൗദി അറേബ്യ പുതിയ ധനസഹായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ലെന്ന് സൗദി എംബസി വൃത്തങ്ങൾ പറഞ്ഞു.
സിറിയയിൽ ഐ.എസിനെതിരെ ഏറ്റവും കൂടുതൽ വ്യോമാക്രമണങ്ങൾ നടത്തുന്ന രണ്ടാമത്തെ രാജ്യവും സൗദി അറേബ്യയാണ്. ഐ.എസിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതിന് കോടിക്കണക്കിന് ഡോളർ സൗദി അറേബ്യ സംഭാവന നൽകിയിട്ടുണ്ടെന്നും എംബസി വൃത്തങ്ങൾ പറഞ്ഞു.
സിറിയ പുനർനിർമാണത്തിന് സൗദി അറേബ്യ ധനസഹായം വാഗ്ദാനം ചെയ്തു എന്ന നിലക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയ്ത ട്വീറ്റ് ശരിയല്ല. ഓഗസ്റ്റിനു മുമ്പ് സൗദി അറേബ്യ നൽകിയ ധനസഹായത്തെ കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചതെന്ന് സി.എൻ.ബി.സി ചാനൽ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യ പുതിയ ധനസഹായം പ്രഖ്യാപിച്ചെന്ന് ട്രംപിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നില്ലെന്ന് യു.എസ് വിദേശ മന്ത്രാലയവും പറഞ്ഞു. ഐ.എസ് ഭീകരരിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളുടെ പുനർനിർമാണത്തിന് സൗദി അറേബ്യ നേരത്തെ പത്തു കോടി ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയുടെ ശക്തമായ സംഭാവന അടക്കം ഐ.എസിനെ പരാജയപ്പെടുത്തുന്നതിന് മുഴുവൻ സഖ്യരാജ്യങ്ങളും നൽകിയ സംഭാവനകളെ അമേരിക്ക സ്വാഗതം ചെയ്യുന്നതായി അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ഗാരെറ്റ് മാർക്വിസ് പറഞ്ഞു. ഐ.എസിനെ എന്നെന്നേക്കുമായി പരാജയപ്പെടുത്തുന്നത് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ശ്രമങ്ങൾ ഭാവിയിൽ നടത്തണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന് ഐ.എസിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ സ്ഥിരതയുണ്ടാക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങളുടെ ഭാരം പങ്കുവെക്കുന്നതിന് സഖ്യരാജ്യങ്ങളുമായി അമേരിക്ക ശക്തമായി സഹകരിക്കുമെന്ന് പറഞ്ഞു.
അതേസമയം, ഐ.എസ് വിരുദ്ധ ആഗോള സഖ്യത്തിൽ പ്രധാന പങ്കാളിത്തം വഹിക്കുന്ന രാജ്യമാണ് സൗദി അറേബ്യയെന്ന് വാഷിംഗ്ടൺ സൗദി എംബസി വൃത്തങ്ങൾ ഗാരെറ്റ് മാർക്വിസ് പറഞ്ഞു.
1996 മുതൽ 2018 വരെയുള്ള കാലത്ത് 79 ലേറെ രാജ്യങ്ങൾക്ക് 8470 കോടി റിയാലിന്റെ സഹായങ്ങൾ സൗദി അറേബ്യ നൽകിയിട്ടുണ്ട്. 5,62,000 യെമനി അഭയാർഥികൾക്കും മൂന്നു ലക്ഷത്തോളം സിറിയൻ അഭയാർഥികൾക്കും രണ്ടര ലക്ഷം മ്യാന്മർ അഭയാർഥികൾക്കും സൗദി അറേബ്യ ആതിഥ്യം നൽകുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികൾക്ക് അഭയം നൽകിയ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ.