റിയാദ് - മന്ത്രിസഭ പുനഃസംഘടിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവുകളിറക്കി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി പദവികളിൽ തുടരും. അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ആഭ്യന്തര മന്ത്രി പദവിയിലും തുടരും. വിദേശ മന്ത്രി പദവിയിൽ നിന്ന് ആദിൽ അൽജുബൈറിനെ നീക്കി പകരം ഡോ. ഇബ്രാഹിം അൽഅസ്സാഫിനെ തൽസ്ഥാനത്ത് നിയമിച്ചു. ആദിൽ അൽജുബൈർ വിദേശകാര്യ സഹമന്ത്രിയാണ്.
നാഷണൽ ഗാർഡ് മന്ത്രിയായി അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനെയും സാംസ്‌കാരിക മന്ത്രിയായി ബദ്ർ ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഫർഹാൻ രാജകുമാരനെയും ഇസ്‌ലാമികകാര്യ മന്ത്രിയായി അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിനെയും നീതിന്യായ മന്ത്രിയായി വലീദ് ബിൻ മുഹമ്മദ് അൽസ്വംആനിയെയും ആരോഗ്യ മന്ത്രിയായി ഡോ. തൗഫീഖ് അൽറബീഅയെയും ശൂറാ കൗൺസിൽ കാര്യങ്ങൾക്കുള്ള സഹമന്ത്രിയായി മുഹമ്മദ് അബൂസാഖിനെയും വാണിജ്യ, നിക്ഷേപ മന്ത്രിയും ആക്ടിംഗ് മുനിസിപ്പൽ കാര്യ മന്ത്രിയായും ഡോ. മാജിദ് അൽഖസബിയെയും പരിസ്ഥിതി, ജല, കൃഷി മന്ത്രിയായി അബ്ദുറഹ്മാൻ അൽഫദ്‌ലിയെയും ഊർജ, വ്യവസായ മന്ത്രിയായി എൻജിനീയർ ഖാലിദ് അൽഫാലിഹിനെയും പാർപ്പിടകാര്യ മന്ത്രിയായി മാജിദ് അൽഹുഖൈലിനെയും സിവിൽ സർവീസ് മന്ത്രിയായി സുലൈമാൻ അൽഹംദാനെയും ഹജ്, ഉംറ മന്ത്രിയായി മുഹമ്മദ് സ്വാലിഹ് ബിൻതനെയും ധനമന്ത്രിയായി മുഹമ്മദ് അൽജദ്ആനെയും ടെലികോം, ഐ.ടി മന്ത്രിയായി എൻജിനീയർ അബ്ദുല്ല അൽസവാഹയെയും ഗതാഗത മന്ത്രിയായി ഡോ. നബീൽ അൽആമൂദിയെയും സാമ്പത്തിക, ആസൂത്രണ മന്ത്രിയായി മുഹമ്മദ് അൽതുവൈജിരിയെയും തൊഴിൽ, സാമൂഹിക വികസന മന്ത്രിയായി എൻജിനീയർ അഹ്മദ് അൽറാജ്ഹിയെയും വിദ്യാഭ്യാസ മന്ത്രിയായി ഡോ. ഹമദ് ആലുശൈഖിനെയും മീഡിയ മന്ത്രിയായി തുർക്കി അൽശബാനയെയും നിയമിച്ചു.
ഡോ. മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, സ്വാലിഹ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ്, മുത്തലിബ് ബിൻ അബ്ദുല്ല അൽനഫീസ, മുസാഅദ് ബിൻ മുഹമ്മദ് അൽഈബാൻ, ഉസാം ബിൻ സഅദ് സഈദ്, മുഹമ്മദ് ബിൻ അബ്ദുൽമലിക് ആലുശൈഖ്, ഖാലിദ് അൽഈസ, ഫഹദ് ബിൻ അബ്ദുല്ല അൽമുബാറക് എന്നിവർ സഹമന്ത്രിമാരാണ്.