പഞ്ചാബില്‍ സ്വര്‍ണം കടത്തുന്ന മലയാളിക്ക് കണ്ണൂരൊക്കെയെന്ത്?
ഏകദേശം രണ്ടാഴ്ച മുന്‍പാണ് സംഭവം. പഞ്ചാബ് അമൃത്‍സര്‍ വിമാനത്താവളത്തിലിറങ്ങി പുറത്തേക്ക് നടക്കുകയാണ്. പുറത്തിടുന്ന ബാഗ് മാത്രമേ ലഗേജ് ആയിട്ടുള്ളൂ; തണുപ്പ് കാലത്ത് ഉത്തരേന്ത്യ കാണാന്‍ ഒരു ജീന്‍സും ടീഷര്‍ട്ടും പിന്നെയൊരു നല്ല ജാക്കറ്റും മതിയെന്നാണല്ലോ.
ഇമിഗ്രേഷനൊക്കെ കഴിഞ്ഞ് എല്ലാവരും പോകുന്ന വഴിയെ പുറത്തേക്ക് പോകാനൊരുങ്ങുമ്പോഴതാ കുറച്ചപ്പുറത്ത് നിന്ന് ഒരു ഓഫിസര്‍ വിളിക്കുന്നു. കൂടെയുള്ള യാത്രക്കാരെയൊക്കെ വിട്ട് എന്നെ മാത്രമാണ് വിളി. പാസ്പോര്‍ട്ട് പേരിലെ 'മുഹമ്മദാവുമോ' കാരണമെന്നൊക്കെ ആലോചിച്ച് അങ്ങോട്ട് ചെന്നു. അത് പലര്‍ക്കുമൊരു കാരണമാണല്ലോ!
എന്താ? എവിടേക്കാ? 'കേരളക്കാരന്‍' എന്തിനാ ദുബായില്‍ നിന്ന് ഇവിടേക്ക് വന്നത്? എന്നൊക്കെ ചോദ്യം. നാട് കാണാന്‍ വന്നതാണെന്ന് പറഞ്ഞിട്ട് മൂപ്പര്‍ക്കത്ര വിശ്വാസം പോര. വേറൊരു ഓഫിസര്‍ വന്ന് ബാഗൊക്കെ പരിശോധിക്കാന്‍ തുടങ്ങി. ശേഷം മെറ്റല്‍ ഡിറ്റക്ടര്‍ വച്ച് ഒരേ പരിശോധന. പിന്‍ഭാഗത്താണ് കൂടുതല്‍ സ്കാനിങ്!
കീശക്ക് നേരെയത്തെിയപ്പോഴതാ ബീപ് ബീപ്! പടച്ചോനെ ഇതിപ്പോയെന്താ എന്നറിയാതെ ഞാന്‍. എന്തോ കിട്ടിയെന്ന മട്ടില്‍ അവര്‍! "സാധനം കടത്തുന്നുണ്ടോ?" എന്നൊരു ഞെട്ടിക്കല്‍ ചോദ്യം. ഇല്ലെന്ന് പറഞ്ഞ് കീശ കുടഞ്ഞിട്ടു - നോക്കുമ്പോ ഇയര്‍ഫോണ്‍ വയറിന്റെ ഒരു കഷ്ണം. അറിയാതെ മുറിഞ്ഞുവീണ ഒരു കുഞ്ഞു കഷ്ണമാണ്.
പരിശോധനയൊക്കെ കഴിഞ്ഞപ്പോ പത്രക്കാരന്റെ കൗതുകം എടുത്ത് പുറത്തിട്ടു - "അല്ല സാറെ, എന്താ എന്നെ മാത്രം ഇമ്മാതിരി പരിശോധന? വേറെയാരെയും ഇങ്ങനെ സ്കാന്‍ ചെയ്യുന്നില്ലല്ലോ?"
മൂപ്പര് ചിരിച്ചു - "ഗള്‍ഫില്‍ നിന്ന് വരുന്ന കേരളക്കാരനായതുകൊണ്ടാണ് ഈ സ്പെഷ്യല്‍ ചെക്കിങ്. നന്നായി നോക്കാതെ വിടാന്‍ നിവൃത്തിയില്ല. അമ്മാതിരി സ്ഥലത്തൊക്കെ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തുന്നത്. ഇടക്കിടെ ഓരോരുത്തര്‍ വന്നിറങ്ങും, ഇവിടെ കേരളത്തിലെ അത്ര പരിശോധിക്കില്ലല്ലോ എന്ന ധാരണയിലാണ്" - സംശയം ക്ലിയര്‍. സലാമടിച്ച് പുറത്തേക്ക് നടന്നു,
കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് വാര്‍ത്ത കേട്ടപ്പോള്‍ വെറുതേ ഓര്‍ത്തതാണ്. അങ്ങ് പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇത് കടത്താനുള്ള സാധ്യതകള്‍ എക്സ്പ്ലോര്‍ ചെയ്യുന്ന മനുഷ്യന്മാര്‍ സ്വന്തം കണ്ണൂരൊരു വിമാനത്താവളമുണ്ടായിട്ട് അതിനു ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.