Sorry, you need to enable JavaScript to visit this website.

സുശക്തമായ ബാലസംരക്ഷണ നിയമങ്ങളുമായി യു എ ഇ, നിയമ ലംഘകർ കുടുങ്ങും

ദുബായ്- ശക്തമായ ബാലസംരക്ഷണ നിയമവുമായി യു.എ.ഇ. ടെലിവിഷനിലും ഇന്റർനെറ്റിലും ലഭ്യമായ എല്ലാ സിനിമകളിലും ഈ സിനിമകൾ കുട്ടികൾക്ക് കാണാൻ പറ്റുന്നതാണോ എന്ന വിവരണം നിർബന്ധമായും വേണം. കുട്ടികൾക്കെതിരെ അതിക്രമങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിടി വീഴും. യു എ ഇ സാമൂഹ്യ വികസന വകുപ്പിന്റെ പുതിയ ബാലസംരക്ഷണ നിയമത്തിലാണ് ഈ വ്യവസ്ഥകളുള്ളത്. പുതിയ നിയമ പ്രകാരം, സാമൂഹ്യ വികസന വകുപ്പ് ബാലവകാശ നിയമ ലംഘകരുടെ വിവരശേഖരണം നടത്തും. എല്ലാ വകുപ്പുകളും, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പ്, ഇത്തരം കുറ്റവാളികളുടെ വിവരങ്ങൾ സാമൂഹ്യ വികസന വകുപ്പിന് കൈമാറണം. 
രാജ്യത്തു പ്രവർത്തിക്കുന്ന ബാല സംരക്ഷണ യൂണിറ്റുകൾ വഴി ഇരകൾക്കും കുടുംബത്തിനും കൗൺസലിംഗ് അടക്കമുളള സേവനങ്ങൾ, നിയമസഹായം തുടങ്ങിയവ നൽകണമെന്ന് പുതിയ നിയമാവലികൾ നിർദേശിക്കുന്നു. 
ബാല വേലക്കെതിരെ ശക്തമായ നടപടികളാണ് പുതിയ നിയമം നിർദേശിക്കുന്നത്. പതിനഞ്ച് വയസ്സിൽ താഴെയുളളവരെക്കൊണ്ടും ശാരീരികക്ഷമത ഇല്ലാത്ത കുട്ടികളെക്കൊണ്ടും ജോലികൾ ചെയ്യിക്കരുതെന്ന് പുതിയ നിയമങ്ങൾ നിഷ്‌കർഷിക്കുന്നു. ബാലാവകാശ നിയമ പ്രകാരം കുട്ടികളെ പുകവലി നടക്കുന്ന സ്ഥലങ്ങളിലേക്കോ, വിഷമയമായ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലേക്കോ കൊണ്ടുപോവാൻ പാടില്ല. ഉയർന്ന അന്തരീക്ഷ താപമുളള സ്ഥലങ്ങൾ, രാസ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഇടങ്ങൾ, ഖനികൾ, ക്വാറികൾ, സംഘർഷ മേഖലകൾ, പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച ഇടങ്ങൾ, ആയുധ നിർമാണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോവാൻ പാടില്ല.
 

Latest News