മട്ടന്നൂര്‍- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എസ്‌കലേറ്ററില്‍ കയറുന്നതിനിടെ വീണു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ പുറത്തു സ്ഥാപിച്ച എസ്‌കലേറ്ററിലായിരുന്നു അപകടം. വിമാനത്താവളം കാണാനെത്തിയ ഇവര്‍ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നു എസ്‌കലേറ്ററിലൂടെ മുകള്‍ നിലയിലേക്കു കയറുന്നതിനിടെ വീഴുകയായിരുന്നു. സ്ത്രീയുടെ സാരി എസ്‌കലേറ്ററില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു. വിമാനത്താവളത്തിലെ ജീവനക്കാര്‍ ഉടന്‍ എസ്‌കലേറ്റര്‍ ഓഫാക്കി. മലപ്പട്ടം, ചൂളിയാട് ഭാഗങ്ങളില്‍നിന്നു എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിമാനത്താവളത്തിലെ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്.
മലയാളം ന്യൂസ് അപ്‌ഡേറ്റുകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക