കാസര്‍കോട്- മുജാഹിദ് നേതാവ് കെ.കെ സക്കരിയ സലാഹി എഴുതിയ 'ഐ.എസ് തീവ്രവാദികളുടെ വിതണ്ഡ വാദങ്ങള്‍ ഒരു പൊളിച്ചെഴുത്ത്' എന്ന പുസ്തകത്തിന് മറുപടിയായി ഐ.എസില്‍ ചേരാന്‍ നാടുവിട്ടുവെന്ന് കരുതുന്ന മലയാളി അബ്ദുല്‍ റാശിദ് അബ്ദുല്ലയുടേതെന്ന പേരില്‍ ഓഡിയോ സന്ദേശം പ്രചരിക്കുന്നു.
മലയാളികളായ ഐ.എസ് സംഘത്തിന്റെ നേതാവായി അന്വേഷണസംഘം കരുതുന്ന അബ്ദുല്‍ റാഷിദിന്റെ ഓഡിയോ ടെലഗ്രാം മെസഞ്ചറിലൂടെയാണ് പുറത്തുവിട്ടത്. 'ദൗലത്തുല്‍ ഇസ്ലാമില്‍നിന്നും മലയാളികള്‍ക്കു വേണ്ടി 92 ാം ക്ലിപ്പ്'എന്ന പേരില്‍ പുറത്തുവിട്ട സന്ദേശത്തില്‍ സൂഫി ഇ.കെ, എ.പി വിഭാഗങ്ങള്‍ ഇപ്പോഴും ഹൈന്ദവാചാരങ്ങള്‍ തുടരുന്നുവെന്നും പ്രവാചകചര്യ മുറുകെ പിടിക്കുന്ന മുജാഹിദ് സംഘടനകളാണ് തങ്ങള്‍ക്ക് ഐ.എസിലേക്ക് വഴി കാണിച്ചതെന്നും പറയുന്നു.
പ്രവാചകചര്യ പാലിക്കുന്നതില്‍ മുജാഹിദ് സംഘനടകള്‍ക്കിടയില്‍ ഗ്രേഡിംഗ് ഉണ്ടെന്നും കേരളത്തില്‍നിന്ന് ഐ.എസിലേക്കുള്ള റിക്രൂട്ട്മെന്റ് വിവിധ മുജാഹിദ് സംഘടനകള്‍ വഴിയാണെന്നും റാശിദ് പറയുന്നു. ആദ്യം തീവ്രത കുറഞ്ഞ മടവൂര്‍ ഗ്രൂപ്പിലും പിന്നീട് കെ.എന്‍.എം ഗ്രൂപ്പിലും തുടര്‍ന്ന് വിസ്ഡം ഗ്രൂപ്പിലും അവസാനമായി ദമ്മാജ് സലഫി വഴിയുമാണ് ഐ.എസിലേക്ക് എത്തുന്നതെന്നാണ് വിശദീകരണം. ഈ സംഘടനകളൊക്കെയുമായും അടുത്തു ബന്ധമുണ്ടായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളും അറിയാമെന്നും പറയുന്നു.
പാപ്പിനിശ്ശേരിയിലും കണ്ണൂരിലും കോഴിക്കോട്ടും നടന്ന മുജാഹിദ് സംഘടനാ ക്ലാസുകളില്‍ ജിഹാദ്, ഹിജ്റ തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിക്കാറുണ്ട്. സുന്നികള്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ല. അവര്‍ പരമ്പരാഗത വിശ്വാസവുമായി മുന്നോട്ടുപോകുന്നവരാണെന്നും ഐ.എസിന് ഗുണം ചെയ്യുന്നത് സലഫി വിഭാഗങ്ങളുടെ പ്രവര്‍ത്തനമാണെന്നും സന്ദേശത്തില്‍ വിശദീകരിക്കുന്നു.
കണ്ണൂര്‍, കാസര്‍കോട്,ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍നിന്ന് നിരവധി പേര്‍ സിറിയ, ഇറാഖ്, ഖുറാസാന്‍ എന്നിവിടങ്ങളിലുണ്ടെന്നും ഖിലാഫത്ത് തുടരുന്നുണ്ടെന്നും റാശിദ് പറയുന്നു. ഐ.എസിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫി ചിന്താഗതി പുലര്‍ത്തുന്നവരാണെന്നും തന്നോടൊപ്പമെത്തിയ മലയാളികള്‍ എല്ലാവരും കേരളത്തിലെ സലഫി, മുജാഹിദ് മത പഠന ക്ലാസുകളില്‍ പങ്കെടുത്തവരാണെന്നും 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ പറയുന്നു.