കോഴിക്കോട്- തറവാട്ടിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷമാണ് ഇടതുമുന്നണി പ്രവേശനത്തിൽ തോന്നുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും ഉപാധിയുടെ അടിസ്ഥാനത്തിലല്ല മുന്നണിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
സന്തോഷകരമായ ഈ അവസരത്തിൽ ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളോടും നന്ദി പറയുകയാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ, ഇടതു മുന്നണി കൺവീനർ വിജയരാഘവൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം തുടങ്ങിയവരോട് നന്ദി അറിയിക്കുന്നു.
ജനതാദൾ എസുമായുള്ള ലയനം ഇപ്പോൾ അജണ്ടയിലില്ല. അഖിലേന്ത്യാ തലത്തിൽ ഒന്നിക്കുകയാണെങ്കിൽ അത് മൊത്തത്തിൽ ഗുണം ചെയ്യും. ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് സമാന ചിന്താഗതിക്കാർ ഒന്നിക്കേണ്ടത് ആവശ്യമാണ്.
പൊതുതെരഞ്ഞെടുപ്പിനായി പാർട്ടി ഒരുക്കം തുടങ്ങിക്കഴിഞ്ഞു. നൂറ് നിയമസഭാ മണ്ഡലങ്ങളിൽ കൺവെൻഷനുകൾ നടന്നു. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലെ കൺവെൻഷനും പൂർത്തിയായി. ജനുവരി 15നകം എല്ലാ മണ്ഡലങ്ങളിലേതും പൂർത്തിയാവും. തെരെഞ്ഞടുപ്പ് സീറ്റുകളുടെ കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ല. അതെല്ലാം സമയമാവുമ്പോൾ പക്വതയോടെ ചർച്ച ചെയത് തീരുമാനിക്കുമെന്ന് ശ്രേയാംസ് കുമാർ വ്യക്തമാക്കി.