Sorry, you need to enable JavaScript to visit this website.

റിയാദിൽ റെസ്റ്റോറന്റുകളിൽ സൗദിവൽക്കരണം

റിയാദ് - തലസ്ഥാന നഗരിയിൽ റെസ്റ്റോറന്റുകളിലും ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും സൗദിവൽക്കരണം നടപ്പാക്കാൻ നീക്കം. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും റിയാദ് ചേംബർ ഓഫ് കൊമേഴ്‌സും കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് റെസ്റ്റോറന്റുകളിലും ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും സൗദിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്. റിയാദ് ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിലെ റെസ്റ്റോറന്റ് കമ്മിറ്റി പ്രസിഡന്റ് അൽവലീദ് ബിൻ നാസിർ ബിൻ ഫർഹാൻ രാജകുമാരനും കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റ് ഡോ. സാമി അൽഉബൈദിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി ഇതേ കുറിച്ച് വിശകലനം ചെയ്തു. 
ബഖാലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് നീക്കമുള്ളതായി വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബഖാല സൗദിവൽക്കരണത്തിലൂടെ 35,000 ലേറെ സൗദി യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബിനാമി ബിസിനസ് കുറ്റകൃത്യമാണ്. സൗദിയിൽ ബിനാമി പ്രവണത ഏറ്റവും ശക്തം ചില്ലറ വ്യാപാര മേഖലയിലാണെന്നും ഡോ. മാജിദ് അൽഖസബി പറഞ്ഞു. 
തുടക്കത്തിൽ ബഖാലകളിൽ കാഷ്യർ തസ്തികകൾ സൗദിവൽക്കരിക്കും. ഇതിലൂടെ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ബഖാല മേഖലയെ ഒരുക്കാൻ സാധിക്കും. പണമിടപാടുകൾ വ്യവസ്ഥാപിതമാക്കുന്നതിന് അക്കൗണ്ടുകൾ തുറക്കുന്നതിന് ബഖാലകളെ നിർബന്ധിക്കുകയും ചെയ്യും. ബഖാലകളുടെ നിലവാരം ഉയർത്തുന്നതിനും നടപടികൾ സ്വീകരിക്കും. ഇത് ബഖാലകളിൽ അനുകൂല ഫലമുണ്ടാക്കുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രി പറഞ്ഞു. പര്യാപ്തമായത്ര സൗദി ഉദ്യോഗാർഥികളെ കിട്ടാനുള്ള ഏതു മേഖലയിലും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സൗദിവൽക്കരണം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി ബഖാലകളിലും മിനിമാർക്കറ്റുകളിലും സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നേരത്തെ മറുപടി നൽകിയിരുന്നു.

Latest News