ജിദ്ദ - ഉത്തര ജിദ്ദയിൽ സ്‌പോൺസറുടെ വില്ലയിൽ വേലക്കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എത്യോപ്യക്കാരിയാണ് കുത്തേറ്റ് മരിച്ചത്. സ്വന്തം നാട്ടുകാരിയായ മറ്റൊരു വേലക്കാരിയെ കുത്തേറ്റ പരിക്കുകളോടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി സ്‌പോൺറും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന നിലയിൽ എത്യോപ്യക്കാരിയെ കണ്ടെത്തിയത്. യുവതിയുടെ നെഞ്ചിനും ശിരസ്സിനുമാണ് കുത്തുകളേറ്റിരിക്കുന്നത്.
സൗദി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് പട്രോൾ പോലീസ് സ്ഥലത്തെത്തി വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റൊരു സ്ഥലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ രണ്ടാമത്തെ വേലക്കാരിയെയും കണ്ടെത്തി. ഈ വേലക്കാരിയുടെ നെഞ്ചിനാണ് കുത്തേറ്റിരിക്കുന്നത്. ഈ യുവതിക്കു സമീപമായി കത്തിയും കണ്ടെത്തി. സംഭവത്തിലെ ദുരൂഹത നീക്കുന്നതിനും ആക്രമണത്തിനുള്ള പ്രേരകങ്ങൾ കണ്ടെത്തുന്നതിനും അബ്ഹുർ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.