Sorry, you need to enable JavaScript to visit this website.

മേഖലയുടെ സുരക്ഷക്ക് ട്രംപിന്റെ സന്ദർശനം  വഴിവെക്കും -രാജാവ്

സൗദി അറേബ്യയിലെത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു.

റിയാദ്- മേഖലയിലും ലോകത്തും സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതിന് അമേരിക്കൻ പ്രസിഡന്റിന്റെ സൗദി സന്ദർശനം വഴിവെക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ട്വീറ്റ് ചെയ്തു. അമേരിക്കൻ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകണം ശക്തിപ്പെടുത്തുന്നതിന് താങ്കളുടെ സന്ദർശനം സഹായിക്കും. മേഖലയിലും ലോകത്തും സുരക്ഷാ ഭദ്രതയുണ്ടാക്കുന്നതിന് സന്ദർശനം വഴിവെക്കുമെന്നും സൽമാൻ രാജാവ് ട്വീറ്റ് ചെയ്തു. 
ചരിത്ര സന്ദർശനത്തിന് റിയാദിലെത്തിയ ഉടൻ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ യു.എസ് പ്രസിഡന്റ് ആഹ്ലാദം പ്രകടിപ്പിച്ചു. കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റിയാദ് എയർപോർട്ടിലെത്തിയ ഉടൻ സൽമാൻ രാജാവ് യു.എസ് പ്രസിഡന്റിനോട് പറഞ്ഞു. സൗദിയിൽ എത്തിയതിൽ ആഹ്ലാദമുണ്ടെന്ന് ട്രംപ് മറുപടിയും പറഞ്ഞു. 

യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് സൗദി കുട്ടികൾ പൂച്ചെണ്ടുകൾ സമ്മാനിക്കുന്നു. 

ട്രംപിനെ സ്വീകരിക്കുന്നതിന് കുട്ടികളും 

റിയാദ് - ചരിത്ര സന്ദർശനത്തിന് സൗദിയിലെത്തിയ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ സ്വീകരിക്കുന്നതിന് കുട്ടികളും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിച്ചയുടൻ രണ്ടു സൗദി ബാലികമാരും ഒരു ബാലനും ചേർന്ന് ട്രംപിന് ബൊക്കെകൾ സമ്മാനിച്ചു. വിദേശ രാഷ്ട്ര നേതാക്കൾക്ക് കുട്ടികൾ പൂച്ചെണ്ട് സമ്മാനിച്ചുള്ള സ്വീകരണം സൗദിയിൽ പതിവില്ല. അതിഥിയുടെ സ്ഥാനവും പ്രാധാന്യവും ഉൾക്കൊണ്ട് ട്രംപിന്റെ സന്ദർശനത്തിനിടെ പതിവ് പ്രോട്ടോകോളുകൾ പലതും മാറ്റിനിർത്തി. ദ്വിദിന സന്ദർശനത്തിന് റിയാദിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൽമാൻ രാജാവും മുതിർന്ന നേതാക്കളും ചേർന്ന് സ്വീകരിച്ചു.

സന്ദർശനത്തിൽ മതിമറന്ന് ട്രംപും മിലാനിയയും

റിയാദ് - സൗദി അറേബ്യ സന്ദർശിക്കുന്നതിന് കടുത്ത ആവേശമുണ്ടെന്ന് സൗദിയിലേക്ക് തിരിക്കുന്നതിനു തൊട്ടുമുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ പത്‌നി മിലാനിയ ട്രംപ് റിയാദിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. 
മനോഹരമായ സ്വീകരണത്തിന് സൗദി അറേബ്യക്ക് നന്ദി എന്ന് അവർ ട്വീറ്റ് ചെയ്തു. ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയമായതിനാലാണ് അമേരിക്കൻ പ്രസിഡന്റ് എന്നോണമുള്ള ആദ്യ വിദേശ സന്ദർശനത്തിന് സൗദി അറേബ്യയെ തെരഞ്ഞെടുത്തതെന്ന് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്തുള്ള പ്രതിവാര സന്ദേശത്തിൽ ട്രംപ് പറഞ്ഞു. 
ഈ സന്ദർശനം അമേരിക്കൻ ജനതക്ക് ഏറെ പ്രധാനമാണ്. അമേരിക്കയുടെ പഴയ സൗഹൃദങ്ങൾ ശക്തമാക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ ആഗോള സമൂഹത്തെ ഒരുമിപ്പിക്കുന്നതിനുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സന്ദേശം പറഞ്ഞു. യു.എസ് വിദേശ മന്ത്രാലയം ട്വിറ്ററിലൂടെ ഈ സന്ദേശം പുറത്തുവിട്ടു. 

അമേരിക്കൻ, സൗദി ദേശീയപതാകകളുടെ ലേസർ മാതൃക സൃഷ്ടിച്ച് അലങ്കരിച്ച റിട്‌സ് കാൾട്ടൻ ഹോട്ടൽ.  

അമേരിക്കൻ പ്രസിഡന്റിന് ആതിഥ്യമരുളുന്നത്  റിട്‌സ് കാൾട്ടൻ ഹോട്ടൽ

റിയാദ് - അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തങ്ങുന്നത് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ വിശിഷ്ടാതിഥിയെ സൽമാൻ രാജാവ് കാറിൽ അനുഗമിച്ചു. സൗദി, അമേരിക്കൻ പതാകകൾ തൂക്കിയും അമേരിക്കൻ, സൗദി ദേശീയപതാകകളുടെ ലേസർ മാതൃക സൃഷ്ടിച്ചും റിട്‌സ് കാൾട്ടൻ ഹോട്ടൽ അലങ്കരിച്ചിട്ടുണ്ട്. ഇന്ന് ജി.സി.സി-അമേരിക്കൻ, അറബ്-ഇസ്‌ലാമിക്-അമേരിക്കൻ ഉച്ചകോടികൾക്ക് വേദിയാകുന്നതും ഈ ഹോട്ടലാണ്. 

വിഭവങ്ങളിൽ പരമ്പരാഗത അറബ് ഭക്ഷണങ്ങളും 

റിയാദ് - അമേരിക്കൻ പ്രസിഡന്റിനും സംഘത്തിനും ഒരുക്കിയ വിഭവങ്ങളിൽ പരമ്പരാഗത അറബ് ഭക്ഷണങ്ങളായ ജിറൈശും മർമൂഖും. ട്രംപിന്റെ ഇഷ്ട ഭക്ഷണമായ സ്റ്റീക്കിനും കെച്ചപ്പിനും പുറമെ സൗദിയിലെ പരമ്പരാഗത ഭക്ഷണങ്ങളായ ജിറൈശും മർമൂഖും മറ്റു ഭക്ഷണ വിഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. റിയാദ് സന്ദർശനത്തിനിടെ തീൻമേശയിലുണ്ടാകുന്ന വിഭവങ്ങളുടെ പട്ടിക യു.എസ് പ്രസിഡന്റിന് മുൻകൂട്ടി കൈമാറിയിരുന്നു. 

കാപ്പികപ്പ് കുലുക്കുന്നതിന്റെ അർഥം യു.എസ് പ്രസിഡന്റിന് രാജാവ് വിശദീകരിച്ച് കൊടുക്കുന്ന വീഡിയോ ക്ലിപ്പിംഗിൽനിന്ന്.  

കാപ്പികപ്പ് കുലുക്കുന്നതിന്റെ അർഥം വിശദീകരിച്ച് രാജാവ്

റിയാദ് - കാപ്പികപ്പ് കുലുക്കുന്നതിന്റെ അർഥം വിശിഷ്ടാതിഥിക്കു മുന്നിൽ സൽമാൻ രാജാവ് വിശദീകരിച്ചത് കൗതുകമായി. റിയാദിലെത്തി മിനിറ്റുകൾക്കകം സൽമാൻ രാജാവും അമേരിക്കൻ പ്രസിഡന്റും ഒരുമിച്ച് കുശലം പറയുന്നതിനിടെ ഇരുവർക്കും അറേബ്യൻ കാപ്പി (ഖഹ്‌വ) വിതരണം ചെയ്യുകയായിരുന്നു. കാപ്പി കുടിച്ച് കഴിഞ്ഞ രാജാവിനും ഡൊണൾഡ് ട്രംപിനും വീണ്ടും കാപ്പി നൽകുന്നതിന് പരിചാരകർ എത്തിയ സമയത്താണ് സൽമാൻ രാജാവ് കാപ്പികപ്പ് കുലുക്കിയത്. 
തുടർന്ന് ഇതിന്റെ അർഥം രാജാവ് ട്രംപിന് വിശദീകരിച്ചുകൊടുത്തു. കാപ്പികപ്പ് കുലുക്കിയാൽ മതിയെന്നും ഇനി വേണ്ട എന്നുമാണ് അർഥമാക്കുന്നതെന്ന് രാജാവ് ട്രംപിനോട് പറഞ്ഞു. പുരാതന കാലം മുതൽ അറബികൾക്കിടയിൽ നിലവിലുള്ള രീതിയാണിത്.  കാപ്പികപ്പ് കുലുക്കുന്നതിന്റെ അർഥം ഡൊണൾഡ് ട്രംപിന് സൽമാൻ രാജാവ് വിശദീകരിച്ചു നൽകുന്ന ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ വൈറലായി. 

സൗദിയിലെ പരമോന്നത ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് മെഡൽ യു.എസ് പ്രസിഡന്റിന് സൽമാൻ രാജാവ് സമ്മാനിക്കുന്നു. 

കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ സൽമാൻ രാജാവിനോടൊപ്പം സന്ദർശിച്ച് സൗദി സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന വാസ്തുവിദ്യകളുടെയും ചിത്ര പ്രദർശനങ്ങളുടെയും മാതൃകകൾ യു.എസ് പ്രസിഡന്റ് വീക്ഷിക്കുന്നു.
 

Tags

Latest News