തിരുവനന്തപുരം- ഇന്ത്യൻ നാഷണൽ ലീഗ്, ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ എന്നീ കക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു. പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വികസനമെന്ന് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. രണ്ടു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഐ.എൻ.എൽ ഇടതുമുന്നണിയുടെ ഭാഗമാകുന്നത്.
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്റെ പാർട്ടി എൽ ഡി എഫ് വിട്ടത്. പിന്നീട് യു ഡി എഫുമായി സഹകരിച്ച ജെ ഡി യു പിന്നീട് യു ഡി എഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കുകയുമായിരുന്നു. ജെഡിയു ദേശീയ അധ്യക്ഷൻ നിതീഷ് കുമാർ ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാർ പുതിയ പാർട്ടിയുമായി രംഗത്തെത്തിയത്.