തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ബി.ജെ.പി മുഖപത്രം ജന്മഭൂമി ഖേദം പ്രകടിപ്പിച്ചു. ദൃക്സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ലെന്നും പത്രം വിശദീകരിച്ചു. കാര്‍ട്ടൂണ്‍ അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഖേദപ്രകടനം.
വിശദീകരണത്തിന്റെ പൂര്‍ണരൂപം
ദൃക്‌സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല
ജന്മഭൂമിയില്‍ ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാര്‍ട്ടൂണും അതിലെ എഴുത്തും അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ല.
ഈ സാഹചര്യത്തില്‍ ശ്രീ ഗിരീഷിനോട് തുടര്‍ന്ന് ആ പംക്തിയില്‍ വരയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതില്‍ ഖേദം രേഖപ്പെടുത്തുന്നു. ആ കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.