Sorry, you need to enable JavaScript to visit this website.

തുണിക്കടകളിലും അത്തർ ഷോപ്പുകളിലും സൗദികൾ മാത്രം

റിയാദ്- എല്ലാ തരം ഊദ്, അത്തർ, ബുഖൂർ കടകളിലും തുണിത്തരങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതുതായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം പോലെ തന്നെ ഊദ്, അത്തർ, ബുഖൂർ കടകളിലും തുണിത്തരങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും 70 ശതമാനം സൗദിവൽക്കരണമാണ് നിർബന്ധമാക്കിയിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
സ്വദേശികൾക്കിടയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം 2018 ജനുവരി 29 ന് ആണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളായാണ് ഇത് നടപ്പാക്കിത്തുടങ്ങിയത്. സെപ്റ്റംബർ 11 ന് നിലവിൽ വന്ന ആദ്യ ഘട്ടത്തിൽ കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്രക്കടകൾ എന്നിവിടങ്ങളിൽ സൗദിവൽക്കരണം നിർബന്ധമാക്കി. വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലാണ് നിർബന്ധിത സൗദിവൽക്കരണം നിലവിൽ വന്നത്. മൂന്നാം ഘട്ടം 2019 ജനുവരി ഏഴു മുതൽ നടപ്പാക്കും. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളാണ് മൂന്നാം ഘട്ടത്തിൽ സൗദിവൽക്കരണത്തിന്റെ പരിധിയിൽ വരിക. മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ഗണത്തിൽ നിന്ന് ഫാർമസികളെയും സ്‌പെയർ പാർട്‌സ് കടകളുടെ ഗണത്തിൽ നിന്ന് കാർ ആക്‌സസറീസ് കടകളെയും ഒരു വർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഫാർമസികളിലും കാർ ആക്‌സസറീസ് കടകളിലും സൗദിവൽക്കരണം നടപ്പാക്കാൻ ഒരു വർഷത്തെ സാവകാശം ലഭിക്കും.
 

Latest News