Sorry, you need to enable JavaScript to visit this website.

സ്വദേശിവത്കരണം ബഖാലകളിലേക്ക്

റിയാദ്- ബിനാമി ബിസിനസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ബഖാലകളുൾപ്പെടുന്ന ചെറുകിട ഇടത്തരം മേഖലയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും ഇതു വഴി 35,000 ത്തോളം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി വ്യക്തമാക്കി. റൊട്ടാന അൽഖലീജിയയിൽ ഫിസ്സൂറ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വദേശിവത്കരണം നടപ്പാക്കുക, പണമിടപാടുകൾ നിരീക്ഷിക്കുക തുടങ്ങിയവയാണ് ആദ്യ ഘട്ടമായി ബഖാലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്നത്. ഓരോ സ്ഥാപനത്തിലെയും സാമ്പത്തിക ഇടപാടുകൾ പൂർണമായും നിരീക്ഷിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, പി.ഒ.എസ് മെഷീൻ സ്ഥാപിക്കുക എന്നീ നിബന്ധനകൾ ഉടൻ നടപ്പാക്കും. ബഖാലകൾ നടത്തുന്നവർ വഴി രാജ്യത്തിന് പുറത്തേക്ക് വൻതോതിൽ പണം ഒഴുകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടമെന്ന നിലയിൽ ബഖാലകളുടെ മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും മാറ്റം വരുത്തും. നിലവിൽ ബഖാലകളുടെ മാനദണ്ഡങ്ങൾ വളരെ താഴ്ന്ന നിലയിലാണ്. പുതിയ വ്യവസ്ഥകൾ വരുന്നതോടെ ബഖാല നടത്തിപ്പിന് ചെലവ് കൂടുകയും ലാഭം കുറയുകയും ചെയ്യും. അപ്പോൾ കൂടുതൽ നിക്ഷേപം നടത്തേണ്ടിവരും. 
സ്വദേശിവത്കരണം നടപ്പാക്കുകയാണെന്നതാണ് മൂന്നാമത്തെ തീരുമാനം. സ്വദേശികളായ ഉടമകൾ നേരിട്ട് നടത്തുമ്പോൾ അവർക്ക് തൊഴിലവസരം ഉണ്ടാക്കാൻ സാധിക്കുമെന്നും സർക്കാർ സഹായം നൽകാൻ തയാറാണെന്നും അതിന് ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സൗദി പൗരന്മാർക്ക് 2000 മുതൽ 4000 വരെ റിയാൽ പ്രതിമാസം നൽകിയാണ് വിദേശികൾ ബഖാലകൾ നടത്തുന്നത്. 1500 ഓളം ബഖാലകളെ കേന്ദ്രീകരിച്ച് മന്ത്രാലയം പഠനം നടത്തിയിട്ടുണ്ടെന്നും ഇതനുസരിച്ചാണ് പുതിയ നീക്കങ്ങളെന്നും മന്ത്രി വെളിപ്പെടുത്തി. 
നിശ്ചിത സംഖ്യക്ക് പകരം സ്വദേശി പൗരന്മാർ വിദേശികളെ ബിസിനസ് ചെയ്യാൻ അനുവദിക്കുന്നതാണ് ബിനാമി ബിസിനസെന്നും അത് നിയമ വിരുദ്ധമാണെന്നും മന്ത്രി വിശദീകരിച്ചു. ഇത് സ്വദേശികൾക്ക് തൊഴിലവസരം കുറയാൻ കാരണമായി. ഇത് നിയന്ത്രിക്കുന്നതിന് നിരവധി തവണ പഠനം നടത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നേരിടാൻ സാധിച്ചിട്ടില്ല. ബിനാമി ബിസിനസ് ഇല്ലാതാക്കാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്നെ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണാണ്. അവരെ പ്രോത്സാഹിപ്പിക്കാൻ ബജറ്റിൽ 200 ബില്യൺ റിയാലാണ് നീക്കിവെച്ചിട്ടുള്ളത്. ഈ വർഷം 1900 ത്തോളം ബിനാമി ബിസിനസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിനാമി ബിസിനസിനെതിരെയുളള നീക്കം വിദേശ നിക്ഷേപ സാധ്യതകളെ ബാധിക്കുന്നില്ലെന്നും നിക്ഷേപകർക്ക് അനുകൂല സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
 

Latest News