വടകര - മായമില്ലാതെ ലഭിച്ചിരുന്ന കറുത്ത പൊന്നിലും (കുരുമുളക്) മായം ചേർക്കുന്നത് പുറത്തായി. കരിമുരിക്കിൻ കുരു ശേഖരിക്കാൻ വടകര ഭാഗത്തെത്തിയവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുരുമുളകിൽ ചേർക്കാനാണിതെന്ന് വ്യക്തമായത്. ഇരുപത് ചാക്കോളം കരിമുരിക്കിൻ കുരു സഹിതം മൂന്നു പേരെയാണ് നാട്ടുകാർ പിടികൂടി വടകര പോലീസിലേൽപിച്ചത്. പെരിന്തൽമണ്ണ സ്വദേശികളാണിവർ. ഒരു മരത്തിലെ കുരുവിന് 100 രൂപയാണിവർ നൽകുന്നത്. കരിമുരിക്കിൻ കുരു ഉണങ്ങിയാൽ കരുമുളക് ഉണങ്ങിയത് പോലെ തന്നെയാണ്. രണ്ടും തിരിച്ചറിയാൻ പ്രയാസം. പാലക്കാട്ടെ കേന്ദ്രത്തിലെത്തിച്ചാൽ ഒരു കിലോക്ക് 80 രൂപ ലഭിക്കുമെന്നാണ് പറയുന്നത്. മണിയാറത്തുമുക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഉണങ്ങാനിട്ട നിലയിൽ കരിമുരിക്കിൻ കുരു കണ്ടെത്തിയത്. പരിസരവാസികൾ പോലീസിലറിയിക്കുകയായിരുന്നു.