Sorry, you need to enable JavaScript to visit this website.

കേരള നവോത്ഥാനവും ഇസ്‌ലാമും: ജമാഅത്തെ ഇസ്‌ലാമി ചർച്ചാ സംഗമങ്ങൾ

കോഴിക്കോട് - കേരളീയ നവോത്ഥാനത്തിലെ ഇസ്‌ലാമിന്റെ പങ്ക് എന്ന വിഷയം മുൻനിർത്തി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിൽ ചർച്ചാ സംഗമങ്ങൾ സംഘടിപ്പിക്കും. 
ഡിസംബർ 26 ബുധൻ തിരുവനന്തപുരം, ഡിസംബർ 30 ഞായർ എറണാകുളം, ഡിസംബർ 31 തിങ്കൾ കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ പ്രമുഖർ പങ്കെടുക്കും. 
പ്രളയാനന്തര കേരളീയ സന്ദർഭത്തിലും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളിലും സജീവ സാന്നിധ്യമായി നവോത്ഥാനമെന്ന ആശയം കടന്നു വന്നുകൊണ്ടിരിക്കുന്നുണ്ട്. 
എന്നാൽ ഈ നവോത്ഥാന ചർച്ചകളിലൊന്നും ഇസ്‌ലാമിന്റെ ചരിത്രപരമായ ഇടപെടലുകൾ അർഹിക്കുന്ന ഗൗരവത്തിൽ ഉന്നയിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യൻ ദേശീയതയുടെ ചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക രൂപീകരണത്തിലും ഉജ്വലമായ പാരമ്പര്യമുള്ള സമുദായമാണ് മുസ്‌ലിംകൾ. 
കേരളത്തിൽ നടന്ന പോർച്ചുഗീസ്,  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഐതിഹാസികമായ ചെറുത്തു നിൽപിലും ജാതി ഫ്യൂഡൽ വിരുദ്ധ പോരാട്ടങ്ങളിലും ഇസ്‌ലാമിന്റെ പങ്ക് ഏറെ വലുതാണ്. കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളർച്ചയിലും വിദ്യാഭ്യാസ മുന്നേറ്റത്തിലുമെല്ലാം മുസ്‌ലിം സമൂഹം നിർവഹിച്ച പങ്ക് രേഖപ്പെടുത്തപ്പെട്ടതാണ്. കേരളീയ നവോത്ഥാനത്തിന് ആശയപരമായ പിൻബലമേകുന്നതിലും സൈദ്ധാന്തികമായ ദിശാബോധം നൽകുന്നതിലും ഇസ്‌ലാമിന്റെ ഇടപെടലുകൾക്ക് വലിയ പങ്കുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആധുനിക യൂറോപ്യൻ നവോത്ഥാനത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും കേരളത്തിലും വികസിച്ചു വന്ന സാമൂഹിക ഉണർവിനെയാണ് പൊതുവെ ഇവിടെ നവോത്ഥാനമെന്ന് വിശേഷിപ്പിക്കുന്നത്. യൂറോപ്യൻ നവോത്ഥാനം സംഭവിക്കുന്നതിനും മുമ്പേ സാമൂഹിക പുരോഗതിക്ക് ചാലക ശക്തിയാകാൻ ഇസ്‌ലാമിന് സാധ്യമായിട്ടുണ്ടെന്ന് കൊളോണിയലിസാനന്തര പഠനങ്ങൾ തെളിയിച്ച കാര്യമാണ്. ഇത്തരം ചരിത്ര യാഥാർത്ഥ്യങ്ങളെ ജനകീയമാക്കലാണ് പരിപാടിയുടെ ലക്ഷ്യം.
പരിപാടിയിൽ പ്രൊഫ. എ.പി. അബ്ദുൽ വഹാബ്, എം.ഐ. അബ്ദുൽ അസീസ്, ഡോ. പി.കെ. പോക്കർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഡോ. പി.ജെ. വിൻസന്റ്, കമൽ സി. നജ്മൽ, ജി. ഉഷാകുമാരി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അജയ് ശേഖർ, അനൂപ് വി.ആർ, എം.എച്ച്. ഇല്യാസ്, സി.പി. ജോൺ, പി. മുജീബ്‌റഹ്മാൻ, കെ.കെ. ബാബുരാജ്, കടക്കൽ ജുനൈദ്, ഖാലിദ് മൂസാ നദ്‌വി, സി.ടി. ശുഹൈബ്, എ. റഹ്മത്തുന്നീസ, പി. റുക്‌സാന, ഫൈസൽ പൈങ്ങോട്ടായി, സമദ് കുന്നക്കാവ്, എം.പി. ഫൈസൽ, എച്ച്. ശഹീർ മൗലവി, സി.വി. ജമീല, എ. അൻസാരി തുടങ്ങിയവർ പങ്കെടുക്കും.

 

Latest News