കണ്ണൂർ - ഫോർട്ട് കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായ ഭീമൻ പാപ്പാഞ്ഞി ഇനി കണ്ണൂരിലും. ഛോട്ടാ മുംബൈ അടക്കമുള്ള സിനിമകളിലൂടെ ലോകമറിഞ്ഞ പാപ്പാഞ്ഞി, ഏഷ്യയിലെ ഏറ്റവും വലിയ െ്രെഡവ് ഇൻ ബീച്ച് എന്നു പ്രശസ്തമായ മുഴപ്പിലങ്ങാട് ബീച്ചിലാണ് നിർമിച്ചിരിക്കുന്നത്. ക്രിസ്തുമസ് നവവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ഫോർട്ടു കൊച്ചിയിൽ വർഷങ്ങളായി ഭീമൻ പാപ്പാഞ്ഞി നിർമിച്ചു പോരുന്നത്. നവവർഷം പിറക്കുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ് ഇതിന് തീ കൊളുത്തുന്നതാണ് ചടങ്ങ്. ഈ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ആയിരങ്ങളാണ് എത്താറുള്ളത്.
വടക്കെ മലബാറിൽ ഇതാദ്യമായാണ് ഇത്തരമൊരു പാപ്പാഞ്ഞി ഒരുങ്ങുന്നത്. മുഴപ്പിലങ്ങാട് ബീച്ചിനു സമീപത്തായി 42 അടി ഉയരത്തിലാണ് പാപ്പാഞ്ഞി നിർമിച്ചിരിക്കുന്നത്. ഇരുമ്പു കൊണ്ടു നിർമിച്ച ഫ്രെയ്മിൽ തെർമോകോളും കോറ തുണിയും ഉപയോഗിച്ചാണ് പാപ്പാഞ്ഞി ഒരുക്കിയിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി ഒരുക്കുന്ന സാൻഡ് ഫെസ്റ്റിനോടനുബന്ധിച്ചാണ് ഇത് നിർമിച്ചത്. കണ്ണൂർ കൊളച്ചേരി സ്വദേശി ഷിജിത്ത് എം. ചന്ദ്രനും സുഹൃത്തുക്കളുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്.
ഭീമൻ പാപ്പാഞ്ഞിയെ കാണാൻ നിരവധി പേരാണ് മുഴപ്പിലങ്ങാട് ബീച്ചിലെത്തുന്നത്. പുതുവർഷത്തിന് ഒരു ദിവസം മുമ്പ്, ഈ മാസം 30ന് രാത്രി ഭീമൻ പാപ്പാഞ്ഞിക്കു തീ കൊളുത്തും. കണ്ണൂരിന്റെ ടൂറിസം മേഖലയിൽ പുതിയ ഉണർവു നൽകുന്നതാണ് നവാതിഥിയായ ഭീമൻ പാപ്പാഞ്ഞി.