ഈരാറ്റുപേട്ട - മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിലെ നീർമാതളം പൂത്തുലഞ്ഞത് കാണികൾക്ക് ദൃശ്യവിരുന്നാകുന്നു.
മലയാളത്തിന്റെ എഴുത്തുകാരി കമലാ സുരയ്യയുടെ മികച്ച രചനയാണ് നീർമാതളം പൂത്ത കാലം. കഥാകാരിയുടെ ആദ്യ ഓർമ ദിനത്തിൽ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നട്ടുപിടിപ്പിച്ചതാണ് ഈ നീർമാതളം. പേര് പരിചിതമെങ്കിലും ഈ വൃക്ഷത്തെ തിരിച്ചറിയാൻ മുതിർന്ന തലമുറക്ക് പോലും കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾക്കും മറ്റുള്ളവർക്കും തിരിച്ചറിയുന്നതിനായി സ്‌കൂൾ മുറ്റത്ത് നട്ട് പരിപാലിച്ചത്. സ്‌കൂളിലെ സാഫ് പരിസ്ഥിതി കൂട്ടായ്മ സ്‌കൂൾ കാമ്പസിൽ നട്ട് പരിപാലിച്ചുവരുന്ന അപൂർവ സസ്യശേഖരത്തിൽ പ്രധാനിയാണ് നീർമാതളം.
വർഷത്തിൽ ഒന്നിലധികം തവണ ഇല കൊഴിക്കുകയും പിന്നീട് നന്നായി തളിർത്ത് നിബിഡമായി പുഷ്പിച്ച് വിസ്മയ കാഴ്ചയൊരുക്കുന്ന പൂക്കൾക്ക് ഹൃദ്യമായ ഗന്ധമുണ്ട്. പൂക്കളുടെ ദളങ്ങൾ വൃക്ഷത്തിന് ചുറ്റും പട്ട് വിരിച്ചതുപോലെ വീണ് കിടക്കുന്ന കാഴ്ച ഏറെ മനോഹരമാണ്.
വിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്‌കൂളുകളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രഫി പരിശീലനത്തിന് എത്തിയവർ പരസ്പരം മത്സരിച്ചാണ് ഈ വൃക്ഷ സൗന്ദര്യം ക്യാമറകളിൽ പകർത്തിയത്.