Sorry, you need to enable JavaScript to visit this website.

നവവരനെ ശവപ്പെട്ടിയിൽ കൊണ്ടുപോയ സംഭവം:  പരാതി ലഭിച്ചാൽ  നടപടിയെന്ന് പോലീസ്‌

കണ്ണൂർ സിറ്റിയിൽ നവവരനെ ശവപ്പെട്ടിയിൽ കൊണ്ടു പോകുന്നു.

കണ്ണൂർ- നവവരനെ വിവാഹ ചടങ്ങിനായി കൂട്ടുകാർ ശവപ്പെട്ടിയിൽ കിടത്തി വധൂഗൃഹത്തിൽ കൊണ്ടുപോയ സംഭവത്തിനെതിരെ സമൂഹത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നുവെങ്കിലും ആരും പരാതി നൽകാൻ തയ്യാറാകാത്തതിനാൽ പോലീസ്  കേസെടുക്കാൻ തയ്യാറായില്ല.
സാംസ്‌കാരികമായി ഏറെ പൈതൃകമുള്ള കണ്ണൂർ സിറ്റിയിലാണ് നാടിനാകെ നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്. വിവാഹ ചടങ്ങിന് സാധാരണ നിലയിൽ വരനെ അലങ്കരിച്ച ആഡംബര കാറിലോ, അതുമല്ലെങ്കിൽ ഉത്തരേന്ത്യൻ മാതൃകയിൽ കുതിരപ്പുറത്തോ ആണ് വധൂ ഗൃഹത്തിലെത്തിക്കാറുള്ളത്. എന്നാൽ ഇവിടെ വരന്റെ ചങ്ക് കൂട്ടുകാർ തെരഞ്ഞെടുത്തത് ശവപ്പെട്ടിയാണ്. കറുത്ത നിറമുള്ള ശവപ്പെട്ടിയിൽ വരനെ കിടത്തി അതിനു മുകളിൽ വെള്ളപുതപ്പിച്ച് പൂക്കൾ വിതറി ഇതും പേറിയാണ് വധൂ ഗൃഹത്തിലേക്ക് യാത്ര തിരിച്ചത്. വരനു പോകാനായി എത്തിയ അലങ്കരിച്ച കാർ ഈ യാത്രക്കു അകമ്പടിയേകി.
വധൂഗൃഹത്തിലേക്കുള്ള യാത്രക്കിടെ വരൻ ഇടക്കിടെ ശവപ്പെട്ടിയിൽ നിന്നെഴുന്നേറ്റ് ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. വഴിയരികിൽ ഈ ദൃശ്യം കണ്ട ആളുകൾ മൂക്കത്തു വിരൽവെച്ചു. എന്നാൽ ആരും ഇത് തടയാൻ തയ്യാറായില്ല. വധു ഗൃഹത്തിൽ വരന്റെ വരവുകണ്ട് പ്രായമായ ചിലർ അവശരായി ഇരുന്നു. ആഹ്ലാദത്തിൽ മുഖരിതമായ ഈ വീട് നിമിഷങ്ങൾക്കകം ശ്മശാന മൂകതയായി. എന്നാൽ ചിലർ ഉടൻ ഉണർന്നെഴുന്നേറ്റ് യാത്ര തടയുകയും വരനെ ശവ പ്പെട്ടിയിൽനിന്നു പുറത്തിറക്കി ശവപ്പെട്ടി ചവിട്ടി പൊട്ടിച്ച് അടുത്തുള്ള തോട്ടിലെറിയുകയും റീത്ത് അടക്കമുള്ളവ വലിച്ചു കീറുകയും ചെയ്തു. വിവാഹ വീട്ടിലെത്തിയവർ കൈവെക്കുമെന്നു വന്നതോടെ വരന്റെ ചങ്ക് കൂട്ടുകാർ പതിയെ വലിഞ്ഞു.
ഈ സംഭവം സിറ്റിയിലും പിന്നാലെ സോഷ്യൽ മീഡിയയിലും വൈറലായി. വരന്റെ കൂട്ടുകാരുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായില്ല. ഇതു സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് പറഞ്ഞു.
തലശ്ശേരി മേഖലയിൽ വിവാഹ ആഭാസങ്ങൾ അതിരുകടന്നതോടെ ഇതിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് തുടങ്ങിയ യുവജന സംഘടനകൾ രംഗത്തു വരികയും തടയുകയും ചെയ്തതോടെ ഇത്തരം ആഭാസങ്ങൾക്കു അറുതിയായിട്ടുണ്ട്. കണ്ണൂർ സിറ്റിയിലും ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്ന് പൊതുവെ അഭിപ്രായം ഉയർന്നിട്ടുണ്ട്.

 

 

Latest News