അബുദാബി-സൗദി മരുഭൂമിയില്‍ രണ്ടര മാസത്തെ ആടു ജീവിതത്തിനുശേഷം രക്ഷപ്പെട്ട മലയാളി യുവാവ് അബുദാബിയില്‍. അബുദാബി ബസ് സ്റ്റേഷനില്‍ അവശനിലയില്‍ കണ്ട യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. സാമൂഹിക സേവന പ്രതിനിധിയും ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ മാനേജിങ് കമ്മറ്റി അംഗവുമായ നാസര്‍ കാഞ്ഞങ്ങാടുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.
മലപ്പുറം ജില്ലയിലെ ആനക്കയം സ്വദേശി വാളാപറമ്പന്‍ മുഹമ്മദ് ഇസ്ഹാഖ് എന്ന യുവാവാണ് മരുഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് അബുദാബി ബസ് സ്റ്റേഷനില്‍ എത്തിയത്. ഒട്ടകങ്ങളെ നോക്കുന്ന ജോലിയായിരുന്നു.
ഇസ്തിറാഹയില്‍ ജോലി വാഗ്ദാനം ചെയ്താണ് വിസക്ക് ഏജന്റ് പണം ഈടാക്കിയതെന്ന് ഇസ്്ഹാഖ് പറയുന്നു. സ്‌പോണ്‍സറോടൊപ്പം ഒട്ടകയോട്ട മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബസില്‍ കയറി രക്ഷപ്പെട്ടത്. ഇസ്ഹാഖിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ എംബസി അധികൃതര്‍ സ്വീകരിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.