കടൽത്തീരങ്ങൾ ഇഷ്ടപ്പെടാത്തവരില്ല. ഓരോ അവധിക്കാലങ്ങളിലും പുതിയ പുതിയ തീരങ്ങൾ തേടുന്നവരാണ് സഞ്ചാരികളിൽ ഏറെയും. കടലിന്റെ അപാരതയും ശാന്തതയും തന്നെയാണ് പലരെയും തീരങ്ങളെ പ്രണയിയ്ക്കുന്നവരാക്കി മാറ്റുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ബീച്ചുകൾ വിദേശീയർക്ക് പ്രിയങ്കരമാണ്. അതുകൊണ്ടു തന്നെ മിക്ക കടൽതീരങ്ങളും ഇപ്പോൾ സഞ്ചാരികളുടെ തിരക്കേറിയ സ്ഥലങ്ങളാണ്.
ആൾത്തിരക്കില്ലാത്ത ശാന്തമായ ഏകാന്തതയുടെ സൗന്ദര്യം നുകരാൻ കഴിയുന്ന തീരങ്ങളാണ് ആളുകൾ അന്വേഷിക്കുന്നത്. ശാന്തമായ കടൽതീരമാസ്വദിക്കാൻ അത്രയേറെ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ. ആൾത്തിരക്കില്ലാത്ത നീലക്കടൽ തീരമാണ് ആൻഡമാനിലേത്. എത്ര നുകർന്നാലും മതിവരാത്ത സൗന്ദര്യത്തിന്റെ ഖനികളാണ് ഈ തീരം.
ഇന്ത്യൻ മെയിൻ ലാൻഡിൽ നിന്നും ഏതാണ്ട് 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൽക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമാണ് ആൻഡമാൻ, നിക്കോബാർ. 8000 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്തീർണം. ആൻഡമാൻ, നിക്കോബാർ എന്നിവ രണ്ട് വ്യത്യസ്ത ദ്വീപുസമൂഹങ്ങളാണ്. വടക്കും തെക്കുമായാണ് ഈ ദ്വീപു സമൂഹങ്ങളുടെ കിടപ്പ്.
വടക്കുഭാഗത്തുള്ള ആൻഡമാൻ ദ്വീപ് സമൂഹത്തിൽ ഇരുന്നൂറോളം വ്യത്യസ്ത ദ്വീപുകളുണ്ട്. ഇവയിൽ മിക്ക ദ്വീപുകളും വലിയ കാടുകളാണ്. നിക്കോബാർ ദ്വീപ് സമൂഹത്തിൽ പത്തൊൻപത് ദ്വീപുകളാണുള്ളത്. ഇതിൽ ഏഴെണ്ണത്തിൽ ജനവാസമില്ല. ഏറ്റവും തെക്കുഭാഗത്തായി കിടക്കുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപാണ് വലിപ്പത്തിന്റെ കാര്യത്തിൽ മുന്നിൽ.
തലസ്ഥാന നഗരമായ പോർട് ബ്ലെയർ ആണ് ഇവയുടെ കവാടം. പോർട് ബ്ലെയറിലാണ് വിമാനത്താവളവും മറ്റുമുള്ളത്. ദ്വീപു സമൂഹത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ഇതു തന്നെയാണ്. പോർട് ബ്ലെയറിൽ എത്തിക്കഴിഞ്ഞാൽ ടാക്‌സികളിലോ മറ്റോ ദ്വീപു ചുറ്റിക്കാണാനിറങ്ങാം. ഇന്ത്യയിലെ ചെന്നൈ, കൊൽക്കത്ത തുറമുഖങ്ങളിൽ നിന്നും ഫെറികളിലും പോർട് ബ്ലെയറിൽ എത്താം.
മനോഹരമായതും വൃത്തിയുള്ളതുമായ ബീച്ചുകളാണ് ദ്വീപു സമൂഹങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത. സ്‌കൂബ ഡൈവിംഗിനും മറ്റുമുള്ള അനന്ത സാധ്യതകളാണ് ഇവിടെയുള്ളത്. കടലിനടിയിലൂടെ സഞ്ചരിച്ച് മത്സ്യങ്ങളെയും കടൽ സസ്യങ്ങളെയും പവിഴപ്പുറ്റുകളുമെല്ലാം കാണാം. ടൂറിസത്തിന്റെ പേരിൽ അധികം കൈയേറ്റങ്ങൾ നടന്നിട്ടില്ലാത്ത സ്ഥലങ്ങളായതിനാൽ തന്നെ കാഴ്ചകളിലേറെയും പ്രകൃതിദത്തമാണ്. ഇന്ത്യയിലെ മറ്റു പല പ്രമുഖ കടൽതീരങ്ങളെയും അപേക്ഷിച്ച് കൂടുതൽ വൃത്തിയുള്ള തീരങ്ങളാണ് ഇവിടെ കാണുക. ഇവിടുത്തെ ശുചിത്വം തന്നെയാണ് പലരെയും വീണ്ടും വീണ്ടും ഇവിടേയ്ക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
ദ്വീപുകളിലെ ആകർഷണ കേന്ദ്രങ്ങളുടെ പട്ടികയെടുത്താൽ തീരുക തന്നെയില്ല, അത്രയ്ക്ക് കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്. കടലിലേയ്ക്കിറങ്ങി നിൽക്കുന്ന കുന്നുകളും നിബിഢ വനങ്ങളും അവയിലെ ജീവജാലങ്ങളുമെല്ലാം കണ്ടിരിക്കേണ്ടതു തന്നെയാണ്. കാൽപനികമായ ഏകാന്തതയാണ് പല ബീച്ചുകളുടെയും മുഖമുദ്ര അതിനാൽ തന്നെ ഈ ദ്വീപു സമൂഹം ഒരു പ്രധാന ഹണിമൂൺ ഡെസ്റ്റിനേഷൻ എന്ന നിലയിൽ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് ദ്വീപുനിവാസികൾ ടൂറിസം സാധ്യതകൾ മുന്നിൽ കണ്ട് റിസോർട്ടുകളും മറ്റും ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ തരത്തിലുള്ള പക്ഷിമൃഗാദികളും 2200 ഓളം തരത്തിൽപ്പെട്ട സസ്യങ്ങളും ഇവിടെയുണ്ട്. ഇതിൽ 1300 ഓളം ഇനങ്ങൾ ഇന്ത്യൻ മെയിൻ ലാൻഡിൽ കാണാൻ കഴിയാത്തവയാണ്.
അടുത്ത കാലത്തായി വിദേശികൾക്കിടയിൽ ആൻഡമാൻ നിക്കോബാർ ഒരു പ്രധാന ഡെസ്റ്റിനേഷൻ ആയി മാറിയിട്ടുണ്ട്. അടുത്തിടെ ടൈം മാഗസിൻ ഹേവ്‌ലോക്ക് ഐലന്റിലെ രാധാനഗർ ബീച്ചിനെ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചായി തെരഞ്ഞെടുത്തിരുന്നു. ഇത് ഈ ദ്വീപു സമൂഹത്തിലെ ടൂറിസം സാധ്യത അന്താരാഷ്ട്ര തലത്തിൽ ഏറെ ഉയർത്തിയിട്ടുണ്ട്. മനോഹരമായ നീല ജലമാണ് ഹേവ്‌ലോക്ക് ഐലന്റിലെ തീരത്തുള്ളത്. പഞ്ചാരമണലും നീലക്കടലും ചേർന്നൊരുക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ഇന്ത്യയിൽ മറ്റൊരു തീരത്തും കാണാൻ കഴിയാത്ത കാഴ്ചയാണിത്, മാത്രമല്ല, മറ്റു ബീച്ചുകളിലൊന്നും ഇത്ര എളുപ്പത്തിൽ സുരക്ഷിതമായി കടലിൽ ഇറങ്ങി കാഴ്ചകൾ കാണാനും സാധിക്കില്ല.
ഇവിടുത്തെ മറ്റൊരു പ്രധാന കേന്ദ്രമാണ് ജോളി ബുവോയ് ഐലന്റ്. മറ്റൊന്നാണ് സിൻക്യൂ ഐലന്റ്. ഇവിടെയാണ് പ്രശസ്തമായ മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്കുള്ളത് (ഇതിനെ വൻഡൂർ മറൈൻ നാഷണൽ പാർക്ക് എന്നും പറയുന്നുണ്ട്). മലിനീകരണം കർശനമായി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളാണിതെല്ലാം.
ഇന്ത്യയിൽ എവിടെനിന്നും ആൻഡമാൻനിക്കോബാറിലേയ്ക്ക് യാത്ര ചെയ്യുകയെന്നത് എളുപ്പമാണ്. ഇന്ത്യയിൽ നിന്നുള്ള ഏതാണ്ട് എല്ലാ പ്രമുഖ എയർലൈൻ കമ്പനികൾക്കും ആൻഡമാനിലേയ്ക്ക് സർവീസുണ്ട്. പോർട് ബ്ലെയറിലെ വീർ സവർക്കർ എയർപോർട്ടിലാണ് ഇറങ്ങേണ്ടത്. കൊൽക്കത്ത, ഭുവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നെല്ലാം പോർട് ബ്ലെയർ വിമാനത്താവളത്തിലേയ്ക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്.
ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ ഇവിടേയ്ക്ക് കപ്പൽ സർവീസും നടത്തുന്നുണ്ട്. എം.വി നാൻകോവ്രി എന്നാണ് കപ്പലിന്റെ പേര്. ചെന്നൈയിൽ നിന്നും പോർട് ബ്ലെയറിലേയ്ക്ക് മാസത്തിൽ രണ്ട് വട്ടമാണ് ഇത് സർവീസ് നടത്തുന്നത്. വിശാഖപട്ടണത്തിൽ നിന്നും പോർട് ബ്ലെയറിലേയ്ക്ക് മൂന്ന് മാസത്തിൽ ഒരിക്കലും സർവീസുണ്ട്.