പോര്‍ട്ട് ബ്ലെയര്‍: ദേശീയ സ്വാതന്ത്ര ചരിത്രത്തിലടക്കം ഏറെ പ്രാധാന്യമുള്ള ആന്‍ഡമാന്‍ നിക്കോബാറിലെ മൂന്ന് പ്രധാന ദ്വീപുകളുടെ പേര് മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ ദ്വീപുകളായ റോസ് ദ്വീപ്, നെയില്‍ ദ്വീപ്, ഹാവ്‌ലോക്ക് ദ്വീപ് എന്നിവയുടെ പേരുകളാണ് കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്യാനൊരുങ്ങുന്നത്.
ഇവയുടെ പേരുകള്‍ യഥാക്രമം നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് പേര് മാറ്റുന്നത്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്‍ഡമാന്‍ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ബാക്കി നടപടി ക്രമങ്ങളെല്ലാം ആഭ്യന്തര വകുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞു.
1943 ല്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന്‍ ആന്‍ഡമാന്‍ പിടിച്ചെടുക്കുകയും സുഭാഷ് ചന്ദ്രബോസിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 30 ന് സുഭാഷ് ചന്ദ്രബോസ് പോര്‍ട്ട് ബ്ലെയറിലെത്തി ഇന്ത്യന്‍ പതാക ഉയര്‍ത്തി. ഇതിന്റെ 75 മത്തെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ദ്വീപുകള്‍ക്ക് പുനര്‍നാമകരണം നടത്തുന്നത്.
ഇതിന്റെ സ്മരണാര്‍ത്ഥം നടക്കുന്ന പരിപാടികളില്‍ പങ്കു കൊള്ളുവാനാണ് മോദി പോര്‍ട്ടബ്ലെയര്‍ സന്ദര്‍ശിക്കുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ബ്രിട്ടീഷ് ജനറലായിരുന്ന ഹെന്റി ഹാവ്‌ലോക്കിന്റെ സ്മരണാര്‍ഥമാണ് ഹാവ്‌ലോക്ക് ദ്വീപിന് ആ പേരു ലഭിച്ചത്. മേഖലയിലെ ഏറ്റവും വലിയ ദ്വീപാണ് ഇത്. ഈ വര്‍ഷം ഉത്തര്‍ പ്രദേശിലെ പ്രമുഖനഗരങ്ങളുടെ പേര് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത് വലിയ വിവാദമായിരുന്നു. അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യയെന്നുമാണ് മാറ്റിയത്.