പത്തനംതിട്ട- ശബരിമലയിൽ ദർശനത്തിന് എന്ന പേരിൽ എത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാകില്ലെന്ന് പോലീസ്. വരുംദിവസങ്ങളിൽ യുവതികൾ എത്തിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് പോലീസ് വ്യക്തമാക്കി. ഡി.ജി.പിക്ക് നൽകിയ റിപോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഇന്നലെ ശബരിമല കയറാൻ എത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് വ്യക്തമാക്കിയ പോലീസ് ബിന്ദുവും കനക ദുർഗയും തിരികെ പോകാൻ തയ്യാറാണെന്ന് അറിയിച്ചതായും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ ശബരിമല ദർശനത്തിനായി കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു (42), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കനക ദുർഗ (44) എന്നിവർ എത്തിയിരുന്നു. സി.പി.ഐ.എം.എൽ മുൻകാല പ്രവർത്തകയാണ് ബിന്ദു എന്നാണ് പോലീസ് പറയുന്നത്. പോലീസിനെ അറിയിക്കാതെയാണ് ഇവർ പമ്പയിലെത്തിയത്. സുരക്ഷ നൽകണമെന്ന ആവശ്യം ഇവർ ഉന്നയിച്ചിട്ടില്ലായിരുന്നു. ഇവർ എത്തിയ വിവരം പോലീസ് അറിഞ്ഞിരുന്നില്ല. യുവതികൾ മല കയറിയെന്ന വിവരം അറിഞ്ഞതോടെ പമ്പ സ്‌പെഷൽ ഓഫീസർ കാർത്തികേയന്റെ നിർദേശത്തെ തുടർന്ന് ഡിവൈ.എസ്.പിയുടെയും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും നേതൃത്വത്തിൽ പോലീസെത്തി സുരക്ഷയൊരുക്കി. തുടക്കത്തിൽ പ്രതിഷേധങ്ങളുണ്ടായിരുന്നില്ല. അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോഴാണ് ആദ്യം പ്രതിഷേധമുണ്ടായത്. അപ്പോഴേക്കും കൂടുതൽ പോലീസെത്തി പ്രതിഷേധക്കാരെ വകഞ്ഞ് മാറ്റി യുവതികളെ കവചമൊരുക്കി മുന്നോട്ട് കൊണ്ടുപോയി.
പിന്നീട് ഒറ്റപ്പെട്ടതും കൂട്ടവുമായ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും പ്രശ്‌നങ്ങൾ രൂക്ഷമായില്ല. ശരംകുത്തി ഭാഗത്ത് പ്രതിഷേധമുണ്ടായപ്പോഴും പോലീസ് ഇടപെട്ട് പിന്മാറ്റി. മരക്കൂട്ടത്തുനിന്നും ചന്ദ്രാനന്ദൻ റോഡിലേക്ക് പ്രവേശിച്ച് പാതി ദൂരം പിന്നിട്ടപ്പോഴേക്കും പ്രതിഷേധം കനത്തു. പോലീസ് ഇടപെട്ടെങ്കിലും പ്രതിഷേധക്കാർ പിൻമാറാൻ തയാറായില്ല. ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ ഭക്തർകൂടി നാമജപവുമായി ചേർന്നതോടെ പ്രതിഷേധമേറി. ശരംകുത്തിയിൽനിന്നുള്ള ഭക്തരും എത്തിയതോടെ പോലീസ് പ്രതിരോധത്തിലായി. പിന്മാറാനുള്ള പോലീസ് ആവശ്യം നിരാകരിച്ച പ്രതിഷേധക്കാർ നാമജപവുമായി റോഡിൽ കുത്തിയിരുന്നും കിടന്നും ഭക്തർക്ക് വിശ്രമിക്കാൻ ഇട്ടിരുന്ന കസേരകളിൽ കയറിനിന്നും പ്രതിഷേധം അറിയിച്ചു. യുവതികൾ തിരിച്ചുപോകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പിന്മാറില്ലെന്ന് പറഞ്ഞ് യുവതികൾ റോഡിലിരുന്നു. അതിനിടെ ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി പോലീസ് ചർച്ച നടത്തി. സന്നിധാനം സ്‌പെഷൽ ഓഫീസർ ജി. ജയദേവ് അവിടെയെത്തി യുവതികളോട് സംസാരിച്ചു. അതിനിടെ ഉന്നത നിർദേശം എത്തിയതോടെ ഇവിടെ ഇരുന്നാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും താഴേക്ക് പോകണമെന്നും യുവതികളോട് ആവശ്യപ്പെട്ടു. പിന്നീട് തിരികെ കൊണ്ടുവരാമെന്നും പറഞ്ഞു. അതിനിടെ കനകദുർഗക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് പോലീസ് അവരെ സ്ട്രച്ചറിൽ പമ്പയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ബിന്ദു താഴേക്ക് പോകാൻ വിസമ്മതിച്ചു. തുടർന്ന് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ബിന്ദുവിനോട് തിരിച്ചുപോകാൻ പറഞ്ഞു. എന്നാൽ, തനിക്ക് കുഴപ്പമില്ലെന്നും ദർശനം നടത്താതെ മടങ്ങില്ലെന്നും അറിയിച്ച ബിന്ദുവിനെ ബലം പ്രയോഗിച്ച് താഴേക്കിറക്കി. അപ്പോഴും പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വനംവകുപ്പിന്റെ വാഹനത്തിൽ പമ്പയിലേക്കു കൊണ്ടുപോയി. അതിനിടെ ബിന്ദുവിന്റെ പ്രതികരണം ആരായാൻ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ന്യൂസ് 18 കാമറാമാൻ അടക്കം നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. യുവതികളെ തിരിച്ചിറക്കാനുള്ള പോലീസ് തീരുമാനത്തിൽ പ്രതിഷേധക്കാർ ആഹ്ലാദ പ്രകടനം നടത്തി. രക്തസമ്മർദം ഉയർന്നതാണ് കനകദുർഗയ്ക്ക് അസ്വാസ്ഥ്യം ഉണ്ടാകാൻ കാരണമെന്ന് ആശുപത്രി അധികൃതർ പിന്നീട് പറഞ്ഞു.
പ്രാഥമിക ചികിത്സ നൽകിയശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് ആംബുലൻസുകളിലായാണ് ഇവരെ കൊണ്ടുപോയത്. അപ്പോഴും പോലീസ് തങ്ങളെ നിർബന്ധിച്ച് തിരികെ വിടുകയാണെന്ന് യുവതികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ചന്ദ്രാനന്ദൻ റോഡിൽ ഇന്നലെ യുവതികളെ തടഞ്ഞതിന് കണ്ടാലറിയാവുന്ന 150 പേർക്കെതിരേ കേസെടുത്തു. 'മനിതി' സംഘം ദർശനത്തിനെത്തുന്നത് അറിഞ്ഞ് നടപ്പന്തലിന് മുകളിൽ നാമജപ പ്രതിഷേധം നടത്തിയ 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.