Sorry, you need to enable JavaScript to visit this website.

വിദേശികളുടെ ലെവി പുനഃപരിശോധന റിപ്പോർട്ട് ഫലം ഒരു മാസത്തിനകം- വാണിജ്യമന്ത്രി

റിയാദ്- വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി സംബന്ധിച്ച് പഠനം പൂർത്തിയായെന്നും അതിന്റെ ഫലം ഒരു മാസത്തിനകം അറിയാമെന്നും വാണിജ്യമന്ത്രി ഡോ. മാജിദ് അൽഖസബി. വിദേശികൾക്കും അവരുടെ ആശ്രിതർക്കുമുള്ള ലെവി സംബന്ധിച്ച് പഠനം നടത്താൻ നേരത്തെ സാമ്പത്തിക വികസന സമിതി പ്രത്യേക വിഭാഗത്തെ നിയോഗിച്ചിരുന്നു. ഇവർ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുള്ളതെന്ന് റൊട്ടാന ഖലീജിയ ചാലനിൽ ഫിസ്സൂറ പ്രോഗ്രാമിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.
നാടിന്റെയും പൗരന്മാരുടെയും നന്മ ഉദ്ദേശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലെവി പ്രത്യേക സംഖ്യയായി നിശ്ചയിക്കണമെങ്കിൽ അങ്ങനെയും ചെയ്യാവുന്നതാണ്. നിലവിൽ രാജ്യത്തിന്റെ നയം ലെവി നിലനിൽക്കണമെന്നതാണെന്നും എന്നാൽ അത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സാമ്പത്തിക വികസന സമിതിയാണെന്നും മന്ത്രി പറഞ്ഞു.
അടുത്തിടെ നിരവധി കമ്പനികളും സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ഫഌറ്റുകൾ ആളൊഴിയുകയും നിരവധി സൗദി പൗരന്മാർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഈയൊരു പ്രശ്‌നത്തിന്റെ ഏകകാരണം ലെവിയാണെന്ന് പറയാനാവില്ല. സാമ്പത്തിക പ്രതിസന്ധിയും പദവി ശരിയാക്കലും സർക്കാറിന്റെ ചെലവ് കുറക്കലും ഡിജിറ്റൽ വ്യാപാരത്തിലേക്കുള്ള മാറ്റവുമൊക്കെ ഇതിന്റെ കാരണങ്ങളാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ വാങ്ങലും വിൽക്കലുമെല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. കടയിൽ പോയി വാങ്ങുന്നതിന് പകരം ഓൺലൈൻ വ്യാപാരം വ്യാപകമായി.
അതേസമയം വിദേശികൾക്കും അവരുടെ ആശ്രിതർക്കുമേർപ്പെടുത്തിയ ലെവി നിരവധി വിദേശികൾ രാജ്യം വിടാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും കാരണമായിട്ടുണ്ടെന്ന് അവതാരകനായ അബ്ദുല്ല അൽമുദൈഫിർ മന്ത്രിയോട് പറഞ്ഞു. എന്നാൽ സ്ഥാപനങ്ങളും വിദേശികളും രാജ്യം വിട്ടതിന്റെ പേരിൽ ലെവിയെ പഴി ചാരാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ലെവി ഏർപ്പെടുത്തിയത് സ്വകാര്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രശ്‌നങ്ങൾക്ക് ലെവിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
 

Latest News