Sorry, you need to enable JavaScript to visit this website.

സൗദിയിലെ പ്രമുഖ ബാങ്കുകൾ  ലയിക്കുന്നു;ചർച്ച തുടങ്ങി

റിയാദ്- സൗദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ റിയാദ് ബാങ്കും നാഷണൽ കൊമേഴ്‌സ് (അൽഅഹ്‌ലി) ബാങ്കും ലയിക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് പ്രാഥമിക യോഗം ചേർന്നു. ചർച്ച നടക്കുന്നതിൽ വലിയ കാര്യമൊന്നുമില്ലെന്നും ലയനം രണ്ട് വിഭാഗത്തിനും യോജിച്ച രീതിയിൽ പൂർത്തിയാകുമെന്നും ബാങ്കുകൾ ഔദ്യോഗികമായി പ്രസ്താവനയിറക്കി. സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിന്റെ മേൽനോട്ടത്തിലും വ്യവസ്ഥകൾക്കും വിധേയമായും രണ്ട് ബാങ്കുകളുടെയും അസാധാരണ ജനറൽ ബോഡിയുടെ അംഗീകാരത്തോടെയുമായിരിക്കും ലയനം. കേന്ദ്രബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ)യുടെ സമ്മതം ലഭിച്ചതിന് ശേഷമാണ് രണ്ട് ബാങ്കുകളും പ്രാഥമിക ചർച്ചകളിലേക്ക് കടന്നതെന്നാണ് സൂചന. എന്നാൽ ലയന പ്രകിയക്ക് സാമയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടത് അനിവാര്യമാണ്. 
ലയനം നടക്കുമ്പോൾ ഇരു ബാങ്കുകളിലേയും ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ലയനം സംബന്ധിച്ച ചർച്ചകളിലെ പുരോഗതി പ്രസിദ്ധപ്പെടുത്തുമെന്ന് റിയാദ് ബാങ്ക്, എൻ.സി.ബി വൃത്തങ്ങൾ അറിയിച്ചു. രണ്ട് ബാങ്കുകളുടെയും പ്രധാന ഓഹരി ഉടമകളിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, പബ്ലിക് പെൻഷൻ ഏജൻസി, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) എന്നീ മൂന്ന് ഗവൺമെന്റ് സ്ഥാപനങ്ങൾ പങ്കാളികളാണ്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എൻ.സി.ബിയുടെ 44.29 ഉം  റിയാദ് ബാങ്കിന്റെ 21.75 ഉം ശതമാനം ഓഹരി ഉടമയാണ്. പബ്ലിക് പെൻഷൻ ഏജൻസി എൻ.സി.ബിയിൽ 10.26 ഉം റിയാദ് ബാങ്കിൽ 9.27 ഉം ശതമാനം ഓഹരികൾ ഉടമപ്പെടുത്തിയിട്ടുണ്ട്. എൻ.സി.ബിയിൽ 10 ഉം റിയാദ് ബാങ്കിൽ 16.72 ഉം ശതമാനമാണ് ഗോസിയുടെ ഉടമസ്ഥാവകാശം.
 

Latest News