ദുബായ്- ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് അല്‍ മഖ്തൂം രാജകുമാരി കുടുംബത്തോടൊപ്പം ദുബായിലെ വസതിയില്‍ കഴിയുകയാണെന്ന് യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.
രാജകുമാരി എവിടെയുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര പൗരാവകാശ സംഘടനകള്‍ സമ്മര്‍ദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ജനീവയിലെ യു.എ.ഇ നയതന്ത്ര കാര്യാലയം വിശദാംശങ്ങള്‍ പുറത്തുവിട്ടത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച മന്ത്രാലയം രാജകുമാരി ദുബായില്‍ കുടുംബത്തോടൊപ്പം കഴിയുകയാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും നല്‍കി.
കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 15-ന് മുന്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണറും അയര്‍ലന്റ് മുന്‍ പ്രസിഡന്റുമായ മേരി റോബിന്‍സണ്‍ ദുബായിലെത്തി ശൈഖ ലത്തീഫയെ കണ്ടിരുന്നുവെന്ന് പ്രസ്താവനയില്‍ വിശദീകരിച്ചു. രാജകുമാരി മേരി റോബിന്‍സണോടൊപ്പമുള്ള ചിത്രങ്ങളാണ് പ്രസിദ്ധീകരണത്തിനു നല്‍കിയത്.
ദുബായില്‍നിന്ന് രക്ഷപ്പെട്ട ശൈഖ ലത്തീഫയെ നിര്‍ബന്ധിച്ച് പിടിച്ച് കൊണ്ടുപോയിരിക്കയാണെന്നും അവര്‍ എവിടെയുണ്ടെന്ന് യു.എ.ഇ വെളിപ്പെടുത്തണമെന്നുമാണ് പൗരാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.
ഫ്രഞ്ച് മുന്‍ ചാരന്റെ സഹായത്തോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ശൈഖ ബിന്‍തിനെ അറേബ്യന്‍ സമുദ്രത്തില്‍ ബോട്ട് തടഞ്ഞ് പിടിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം.