Sorry, you need to enable JavaScript to visit this website.

തലസ്ഥാനത്തെ ഹരിതാഭമാക്കി യൂത്ത് ലീഗ് യുവജന യാത്ര

തിരുവനന്തപുരം- വർഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ കേരളത്തെ സമരസജ്ജമാക്കി മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് തലസ്ഥാന നഗരിയിൽ സമാപനം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നവംബർ 24ന് മഞ്ചേശ്വരം ഉദ്യാവാരത്ത് നിന്നാരംഭിച്ച യാത്ര ഇന്നലെയാണ് തിരുവനന്തപുരത്തെത്തിയത്. സമാപനത്തോട് അനുബന്ധിച്ച് നടന്ന 15,000 വൈറ്റ് ഗാർഡ് അംഗങ്ങളുടെ പരേഡ് ആകർഷകമായി.
ദുരന്തമുഖങ്ങളിൽ സഹായികളായി പ്രവർത്തിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡിനെ സമാപനവേദിയിൽ സമൂഹത്തിന് സമർപ്പിച്ചു. വർഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സർക്കാറുകൾക്കെതിരെ' എന്ന മുദ്രാവാക്യം സംഘടിപ്പിച്ച യാത്ര ശ്രദ്ധയമായി. 


ന്യൂനപക്ഷ വിഭാഗങ്ങൾ അരക്ഷിതരാവുന്നിടത്ത് ജനാധിപത്യം അപൂർണ്ണമാകുമെന്ന്  മുസ്‌ലിംയൂത്ത് ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരം  സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എല്ലാവിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുക എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. രാജ്യത്തെ ഏകമത സങ്കൽപ്പത്തിലേക്ക് നയിക്കാനുള്ള നീക്കം ഇന്ത്യയുടെ അടിത്തറ തകർക്കും. മതങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായ ഭൂമിയിൽ മതേതരത്വം ക്ഷയിക്കുന്നത് ആശങ്ക ഉണർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും സഹിഷ്ണുതയും മതേതരത്വവും ഉയർത്തിപ്പിടിച്ചാണ് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയത്. ഇത് എക്കാലത്തും സംരക്ഷിക്കപ്പെടണം എന്ന ചിന്തയോട് കൂടിയാണ് രാഷ്ട്രശിൽപികൾ ഭരണഘടന രൂപപ്പെടുത്തിയത്. ഈ ഭരണഘടനയെ തന്നെ തകർക്കാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്. കോടതികളിൽപോലും സർക്കാർ ഇടപെടുന്നു. നിയമനിർമ്മാണ സഭകളെ പ്രഹസനമാക്കുകയാണ്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നിരവധി പേർ കൊല്ലപ്പെടുന്നു. മനുഷ്യനെ കൊന്ന് മൃഗങ്ങളെ പരിപാലിക്കണമെന്ന് പറയുന്നത് രാഷ്ട്രീയമോ രാജ്യസ്‌നേഹമോ അല്ല. അത് ഫാസിസം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനെതിരായ പൊതുവികാരം രാജ്യത്ത് ഉയർന്നു വരേണ്ടതുണ്ട്. അത് ഏതെങ്കിലും വിഭാഗങ്ങളുടെ സുരക്ഷക്ക് വേണ്ടിയല്ല, രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ളതാണ്.. വർഗീയത വളർത്തിയും അക്രമം നടത്തിയും അധികാരം സ്ഥാപിക്കാൻ ഒരു ശക്തിയെയും അനുവദിക്കാൻ പാടില്ല. ഫാസിസത്തിന്റെ ആശങ്കപ്പെടുത്തുന്ന കാഴ്ചകൾക്കിടയിൽ ആശ്വാസത്തിന്റെ വാർത്തകളാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത്. ഇത് ഇന്ത്യയുടെ യഥാർത്ഥ മനസാണ് പ്രകടമാക്കുന്നത്. യഥാർത്ഥ മതവിശ്വാസികൾക്ക് ഹിംസയെ ആുധമാക്കാൻ സാധിക്കില്ല.   വിശുദ്ധ ഖുർആൻ ഉയർത്തിപ്പിടിക്കുന്ന, ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ഒരു മുസ്‌ലിമിനും രാജ്യദ്രോഹിയോ ഭീകരവാദിയോ ആവാൻ സാധിക്കില്ല. ഇതാണ് ലീഗിന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് സ്വാഗതം പറഞ്ഞു. പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി മുഖ്യാതിഥിയായിരുന്നു. കർണാടക മെഡിക്കൽ വിദ്യാഭ്യാസ ജലസേചന വകുപ്പ് മന്ത്രി ഡി.കെ.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈറ്റ് ഗാർഡ് വളണ്ടിയർ സമർപ്പണം  മുസ്്ലിംലിഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, 
ഡോ. ശശി തരൂർ എം.പി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പി.വി.അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് , ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, എം. ഷാജി എം.എൽ.എ, യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, എം.എ.സമദ്, നജീബ് കാന്തപുരം, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി.അഷ്റഫലി, സംസ്ഥാന പ്രസിഡണ്ട് മിസ്അബ് കീഴരിയൂർ, സ്വാഗതസംഘം ചെയർമാൻ ബീമാപ്പള്ളി റഷീദ് എന്നിവർ പ്രസംഗിച്ചു.

Latest News