മണ്ണാർക്കാട്- കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട്ട് പോലീസ് വൻ സ്‌ഫോടക വസ്തുക്കളും ലോറിയും പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാത്രി ഒൻപതു മണിയോടു കൂടി നടത്തിയ പരിശോധനയിൽ തുപ്പനാട് വെച്ചാണ് ലോറിയിൽ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
160 പെട്ടികളിലായി പഴങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലോറിയിലായിരുന്നു സ്‌ഫോടകശേഖരം കണ്ടെത്തിയത്. 4000 കിലോഗ്രാം ജലാറ്റിൻ സ്റ്റിക്, 48 ബോക്‌സ് ഫ്യൂസ് എന്നിവയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി (23), തിരുനൽവേലി സ്വദേശി സുശാന്ദ്രകുമാർ (31) എന്നിവരാണ് പിടിയിലായത്.
തമിഴ്‌നാട്ടിലെ അമ്പൂരിൽ നിന്നും മഞ്ചേരിയിലേക്ക് പഴങ്ങളുമായി പോവുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇതിനു മുമ്പും ഇവർ സ്‌ഫോടക വസ്തുക്കൾ കടത്തിയതായാണ് ലഭിക്കുന്ന സൂചനകൾ. വൻ സ്‌ഫോടനങ്ങൾക്കുപയോഗിക്കുന്ന ഇവക്ക് വിപണിയിൽ ഏഴു ലക്ഷം രൂപ വില വരുമെന്നാണ് പറയുന്നത്. ഈ അടുത്ത കാലത്ത് പോലീസ് പിടികൂടുന്ന വലിയ സ്‌ഫോടക വസ്തു ശേഖരമാണിത്. മലപ്പുറം ജില്ലയിൽ വെച്ച് ഇത് മറ്റൊരു വാഹനത്തിൽ കൊണ്ടുപോകുകയാണ് ചെയ്യാറുള്ളതെന്ന് ഇവർ പറയുന്നു. ഇത്രയധികം സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സാഹചര്യം വളരെ ഗൗരവകരമായാണ് പോലീസ് കാണുന്നത്.
കല്ലടിക്കോട് എസ്.ഐ എം.ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിമൽ, ശ്യാംകുമാർ, പദ്മരാജൻ, ഹോം ഗാർഡ് സിബി മാത്യു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പിടികൂടിയത്. പ്രതികളെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.